‘കേരളത്തിലെ ജനത്തിന്റെ പേരിൽ മോദിജിക്ക് നന്ദി’; മുഖ്യമന്ത്രിയുടെ ട്വീറ്റ്

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതിന് പിന്നാലെയാണ് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി കത്തും അയച്ചിട്ടുണ്ട്.

കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 11.17 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ ഒന്നിന് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. മെട്രോ റെയിലിന്‍റെ രണ്ടാം ഘട്ടം കേരളത്തിന്‍റെ വികസന പുരോഗതിയിലെ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചി നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന് പുറമെ ഐടി പ്രൊഫഷണലുകൾക്കും യുവതലമുറയ്ക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതി കൂടിയാണിത്.

K editor

Read Previous

കണ്ണിലേറ്റ കടി മരണകാരണം; അഭിരാമിയുടെ പരിശോധനാഫലം പുറത്ത്

Read Next

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നൽകാനുള്ള നീക്കത്തിനെതിരെ ഗവർണർക്ക് പരാതി