വിദ്യാർത്ഥിനിയെ ചുംബിച്ച സിപിഎം ബ്രാഞ്ച് സിക്രട്ടറിയെ സ്ഥാനഭ്രഷ്ടനാക്കി

സ്വന്തം ലേഖകൻ

ചന്തേര: പ്ലസ്ടു വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് ചുംബിച്ച സിപിഎം ബ്രാഞ്ച് സിക്രട്ടറിയെ പാർട്ടി നേതൃത്വം സ്ഥാനത്ത് നിന്നും നീക്കി. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്കൂൾ പിടിഏ പ്രസിഡണ്ടും സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സിക്രട്ടറിയുമായ ടി.ടി. ബാലചന്ദ്രനെയാണ് 53, ബ്രാഞ്ച് സിക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്. പകരം എം.ജി. ശശിയെ ബ്രാഞ്ച് സിക്രട്ടറിയായി തെരഞ്ഞെടുത്തു.

വിദ്യാർത്ഥിനിയെ  കയറിപ്പിടിച്ച് ചുംബിച്ച  ടി.ടി. ബാലചന്ദ്രനെതിരെ കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. സെപ്തംബർ 2ന് സ്കൂൾ മുറിയിലാണ് ബാലചന്ദ്രൻ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചത്. സ്ക്കൂളിൽ നടന്ന ഓണാഘോഷച്ചടങ്ങിൽ സിനിമാറ്റിക്ക് ഡാൻസ് അവതരിപ്പിക്കാൻ പിടിഏ പ്രസിഡണ്ടായ ടി.ടി. ബാലചന്ദ്രനോട് അനുമതി വാങ്ങാനെത്തിയ പെൺകുട്ടിയെയാണ് പ്രതി അപമാനിച്ചത്.

മുമ്പ് ഒരു സ്ത്രീയുടെ വീട്ടുപരിസരത്ത് നിന്നും ബാലചന്ദ്രനെ യുവാക്കൾ പിടികൂടിയിരുന്നു. ഈ വിഷയത്തിൽ ഇദ്ദേഹത്തിനെതിരെ  അന്ന് പാർട്ടി നടപടി സ്വീകരിച്ചിരുന്നു. വായനശാലാ കെട്ടിട നിർമ്മാണത്തിൽ അഴിമതി നടത്തിയതിന് നടപടി നേരിട്ടയാളാണിദ്ദേഹം. ഇത്തരത്തിലുള്ള ഒരാളെ സ്ക്കൂൾ പിടിഏ പ്രസിഡണ്ടാക്കിയതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നു. പ്രമുഖനായ ഒരു സിപിഎം നേതാവിന്റെ പിന്തുണയോടെയാണ് ബാലചന്ദ്രൻ പിടിഏ പ്രസിഡണ്ടായത്.

എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ സിഐടിയു ജില്ലാ നേതാവും പിലിക്കോട് പഞ്ചായത്ത് പത്താംവാർഡ് വികസന സമിതി കൺവീനറുമായ ബാലചന്ദ്രനെ വികസന സമിതി നേതൃസ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. എൽഐസി സംഘടനയുടെ നേതൃസ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ ഉടൻ നീക്കും.

ബാലചന്ദ്രന്റെ ഏച്ചിക്കൊവ്വലിലെ വീട്ടിൽ ഇന്നലെ ചന്തേര എസ്ഐ, എം.വി. ശ്രീദാസും സംഘവും പരിശോധന നടത്തി. അതേസമയം, പ്രതി കരിവെള്ളൂരിലെ സിപിഎം കേന്ദ്രത്തിൽ ഒളിവിലുണ്ടെന്നും, പ്രചാരണമുണ്ട്. വിദ്യാർത്ഥിനിയെ അപമാനിച്ച പിടിഏ പ്രസിഡണ്ടിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് ഇന്ന് വൈകുന്നേരം.

LatestDaily

Read Previous

ആമ്പർഗ്രീസിന് 2 ലക്ഷം മുടക്കിയത് യഥാർത്ഥ ഗ്രീസാണെന്ന് കരുതി

Read Next

പിലിക്കോട് സ്കൂളിലെ പീഡനം പ്രതിയെ അറസ്റ്റ് ചെയ്യണം: യൂത്ത് ലീഗ്