നഗരത്തിൽ പരിഭ്രാന്തി പരത്തി നായ്ക്കളുടെ വിളയാട്ടം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ഓണത്തിരക്കിലമർന്ന് നഗരം വീർപ്പ് മുട്ടുമ്പോൾ, തെരുവ് നായ്ക്കളുടെ വിളയാട്ടം ഭീതി ജനകമാവുന്നു. ഇന്നലെ വൈകിട്ട് മൂന്ന് പേർക്കാണ് കോട്ടച്ചേരിയിൽ നായയുടെ കടിയേറ്റത്. ഓണാഘോഷത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാനെത്തിയവരെയാണ് കോട്ടച്ചേരി അഷ്റഫ് ഫാബ്രിക്സിന് സമീപത്ത് ചുമട്ടു തൊഴിലാളികളുടെ വിശ്രമകേന്ദ്രത്തിനടുത്ത് നായ കടിച്ചത്.

ഇട്ടമ്മലിലെ രാമകൃഷ്ണന്റെ 65, കാലിലാണ് നായ കടിച്ചത്. സാരമായി പരിക്കേറ്റ രാമകൃഷ്ണനെ അഗ്നി രക്ഷാസേനയെത്തിയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇതേ നായ തന്നെ ഒരു സ്ത്രീയുൾപ്പെടെ രണ്ട് പേരെകൂടി കടിച്ചു. നായ കടിച്ച സ്ഥലത്ത് റോഡിൽ രക്തം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. കടിയേറ്റ രാമകൃഷ്ണന് ചുമട്ട് തൊഴിലാളികളും, ഹോംഗാർഡും ചേർന്നാണ് പ്രഥമശുശ്രൂഷ നൽകിയത്. ഓണാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ നഗരത്തിൽ നല്ല തിരക്കാണ്.

എന്നാൽ, തെരുവ് നായ്ക്കളുടെ വിളയാട്ടത്തിന് ഒരു കുറവുമില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം ഷോപ്പിംഗിനെത്തുന്നവർ ഭയത്തോടെ കഴിയേണ്ട സാഹചര്യമാണുള്ളത്. കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്തും ട്രാഫിക് സർക്കിളിന് സമീപത്തും മീൻ ചന്തക്കും, ഇറച്ചിക്കടകൾക്ക് സമീപത്തും പ്ലാറ്റ്ഫോമുൾപ്പെടെ റെയിൽവേ സ്റ്റേഷൻ പരിസരത്തുമാണ് നായ്ക്കൾ കൂട്ടത്തോടെ വിളയാടുന്നത്.

ഇന്നലെ പലരെയും കടിച്ച നായയെ നാട്ടുകാരും പോലീസും, തിരഞ്ഞുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പതിവില്ലാത്ത വിധം തിരക്കനുഭവപ്പെടുന്ന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നായ്ക്കൾ  ഭീതിപരത്തുന്നതിനെതിരെ യാതൊരു നടപടിയുമെടുക്കാൻ കഴിയാത്ത നിസ്സഹായവസ്ഥയിലാണ് അധികൃതർ.

LatestDaily

Read Previous

‘കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം’; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രമേയം

Read Next

സഹയാത്രികരെ ലഗേജ് ഇറക്കാന്‍ സഹായിക്കുന്ന രാഹുല്‍ ഗാന്ധി: ചിത്രങ്ങൾ വൈറല്‍