ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ടതിനെതിരെ പ്രതിഷേധം കനത്തു.
നഗരസഭാ ചെയർമാന്റെ പേഴ്സണൽ സ്റ്റാഫിനെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഇന്നലെയും ഇന്നും കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി.
ഇന്നലെ വൈകീട്ട് യുഡിഎഫ് പ്രവർത്തകരാണ് നഗരസഭയിലേക്ക് മാർച്ച് നടത്തിയത്.
നഗസഭാ ജീവനക്കാരനെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫും, കോൺഗ്രസും, മുസ്്ലീംലീഗും പ്രതിഷേധം കനപ്പിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ, ചെയർമാന്റെ അടുപ്പക്കാരനായ ജീവനക്കാരനെതിരെ വീണുകിട്ടിയ ആയുധം പരമാവധി രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള യുഡിഎഫ് നീക്കം ശക്തമാക്കിയിട്ടുണ്ട്.
ഉമ്മൻചാണ്ടിക്കും കുടുംബത്തിനുമെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട നഗരസഭാ ജീവനക്കാരൻ, പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കരിച്ചേരി, തച്ചങ്ങാട് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജീവനക്കാരന്റെ കരിച്ചേരി പെരളത്തെ വീടിന് മുന്നിലും പ്രകടനം നടത്തി.
നഗരസഭാ ജീവനക്കാരൻ ഞായറാഴ്ച യുഡിഎഫിനും കോൺഗ്രസിനുമെതിരെയുള്ള പരാമർശവുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെ അനുകൂലിച്ചും കമന്റുകൾ ധാരാളമുണ്ടായി. ഈ കമന്റിന് മറുപടിയായാണ് ഉമ്മൻചാണ്ടിക്കും കുടുംബത്തിനുമെതിരെ ജീവനക്കാരൻ കടുത്ത ഭാഷയിൽ പോസ്റ്റിട്ട് വിമർശിച്ചത്.
സ്ത്രീവിരുദ്ധവും സമൂഹത്തിൽ പ്രശ്നമുണ്ടാക്കാനും ഇടയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ട ജീവനക്കാരനെതിരെ കേസുൾപ്പെടെ നിയമ നടപടികളാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് നിധീഷ് കടയങ്ങാനുമാണ് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയത്.
പോലീസ് ഇൻസ്പെക്ടർ പി.കെ. ഷൈനിന് , നേരിട്ട് പരാതി നൽകുകയായിരുന്നു. പ്രസ്തുത പരാതിയിൽ കേസ്സുൾപ്പെടെ നടപടികൾ സ്വീകരിക്കുന്നതിനായി യൂത്ത് കോൺഗ്രസ്സിന്റെ പരാതി ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് ഒന്നാം കോടതിക്ക് കൈമാറും. കോടതി അനുമതി ലഭിക്കുന്നതോടെ പരാതിയിൽ തുടർ നടപടികളുണ്ടാവും.
പോലീസിന് പുറമെ കാഞ്ഞങ്ങാട് നഗരസഭാ സിക്രട്ടറിക്ക് മറ്റൊരു പരാതിയും യൂത്ത് കോൺഗ്രസ് നൽകി. സർക്കാർ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ ചട്ടവിരുദ്ധവും രാഷ്ട്രീയവുമായ ഫേസ്ബുക്ക് പോസ്റ്റാണെന്നും, ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും സിക്രട്ടറിയിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
നടപടിയുണ്ടായില്ലെങ്കിൽ, ശക്തമായ സമരപരിപാടികൾ തുടങ്ങുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി കെപിസിസി ആഹ്വാനപ്രകാരം നഗരസഭയിലേക്ക് നടത്തുന്ന മാർച്ചിന്റെ തുടർച്ചയായാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഇന്ന് രാവിലെ കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയത്തിലേക്കും മാർച്ച് സംഘടിപ്പിച്ചതെങ്കിലും, പ്രത്യക്ഷത്തിൽ മാർച്ചും തുടർന്ന് നഗരസഭയ്ക്കുമുന്നിൽ നടന്ന സത്യാഗ്രഹവും ഉമ്മൻചാണ്ടിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെയുള്ള പ്രതിഷേധം കൂടിയായി. നഗരസഭാ ജീവനക്കാരനെതിരെയാണ് പ്രകടനത്തിൽ മുദ്രാവാക്യം മുഴങ്ങി കേട്ടത്.
മാർച്ചും തുടർന്ന് നടന്ന സത്യാഗ്രഹ സമരവും ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു.