വീട്ടിൽക്കയറി സ്വർണ്ണപാദസരങ്ങൾ അറുത്തെടുത്ത കവർച്ചക്കാരനെ വീട്ടുകാർ ഓടിച്ചു പിടിച്ചു

കാഞ്ഞങ്ങാട്: പുലർകാലം വീട്ടിനകത്തു കയറി വീട്ടമ്മയുടെയും മകളുടെയും സ്വർണ്ണപാദസരങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത കവർച്ചക്കാരനെ വീട്ടിലെ രണ്ട് യുവാക്കൾ ഓടിച്ചു പിടികൂടി. സെപ്തംബർ 3 ന് ശനിയാഴ്ച പുലർച്ചെ അജാനൂർ ഇട്ടമ്മലിൽ ബദർ പള്ളിക്കടുത്ത് ഡ്രീം ഹൗസിൽ താമസിക്കുന്ന മൊയ്തീന്റെ ഭാര്യ ഷക്കീലയും മകൾ പതിനഞ്ചു വയസ്സുള്ള ഫിദയും കിടന്നുറങ്ങിയ മുറിയിൽ കയറിയ കവർച്ചക്കാരൻ പാലക്കാടൻ സ്വദേശി നൗഷാദാണ് 44, ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെയും മാതാവിന്റെയും ആറു പവൻ തൂക്കം വരുന്ന പാദസരങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തത്.

ഫിദയുടെ ഇരു പാദസരങ്ങളും നൗഷാദ് ആദ്യം മുറിച്ചെടുത്ത ശേഷം, മാതാവ് ഷക്കീലയുടെ പാദസരങ്ങൾ മുറിക്കുമ്പോൾ വീട്ടമ്മ ഉറക്കത്തിൽ നിന്ന് ഉണരുകയും ഒച്ച വെക്കുകയും ചെയ്തു. വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഷക്കീലയുടെ മക്കളായ ഹസ്സൻ ജെയ്ഷും 21, സഹോദരൻ ജിഹാനും 19, ഉടൻ താഴെയിറങ്ങിയപ്പോൾ കവർച്ചക്കാരൻ ഓടുന്നതു കണ്ടു. പിന്നാലെ ഇരുളിൽ അരക്കിലോമീറ്റർ ഓടി സ്ഥലത്തുള്ള ബദർ പള്ളിക്കടുത്താണ് നല്ല കായിക ബലമുള്ള കവർച്ചക്കാരൻ നൗഷാദിനെ കയ്യോടെ പിടികൂടിയത്.

ഇയാൾ പാലക്കാട് സ്വദേശിയാണെന്ന് പിന്നീടാണ് പുറത്തുവിട്ടത്. നൗഷാദിനെ പിടികൂടിയ ഉടൻ ഇയാളുടെ കൈകൾ കെട്ടി ബന്ധനസ്ഥനാക്കിയ ശേഷം, പോലീസിനെ വിളിക്കുകയായിരുന്നു. കവർച്ച നടന്ന ഇരുനില വീടിന്റെ പ്രധാന ഗെയ്റ്റ് അകത്തു നിന്ന് താഴിട്ടു പൂട്ടിയിരുന്നില്ല. വീടിന്റെ മുൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് കവർച്ചക്കാരൻ വീട്ടുമുറിയിലെത്തിയത്.

മുറിച്ചെടുത്ത ഷക്കീലയുടെയും മകളുടെയും സ്വർണ്ണ പാദസരങ്ങൾക്ക് രണ്ടര ലക്ഷം രൂപ വില വരും. ഈ പാദസരങ്ങൾ കവർച്ചക്കാരൻ നൗഷാദിന്റെ കൈയ്യിൽ നിന്ന് രാത്രിയിൽ തന്നെ വീട്ടുകാർ കണ്ടെടുത്തു. ക്രൂരമായി മർദ്ദനമേറ്റതിനാൽ നൗഷാദിനെ ഞായറാഴ്ച രാവിലെ തന്നെ പോലീസ് പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സാർത്ഥം പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രതിക്ക് ആശുപത്രിയിൽ പ്രത്യേക കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. കവർച്ചാസംഭവത്തിൽ മൊയ്തീന്റെ മകൻ ഹസ്സൻ ജെയ്ഷിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്തുവെങ്കിലും, എഫ്ഐആറിൽ പ്രതിയുടെ പേര് പിന്നീട് കൂട്ടിച്ചേർക്കും. പരാതിക്കാരൻ ഹസ്സൻ ജെയ്ഷും സഹോദരൻ ജിഹാനും പിറകെ ഓടിയാണ് കവർച്ചക്കാരൻ നൗഷാദിനെ കീഴ്പ്പെടുത്തിയത്. ഇരുസഹോദരങ്ങളെയും നാട്ടുകാരും പോലീസും അഭിനന്ദിച്ചു.

LatestDaily

Read Previous

കെഎസ്ആര്‍ടിസിയെ 3 മേഖലകളായി തിരിക്കുമെന്ന് ഗതാഗത മന്ത്രി

Read Next

പാലക്കാടൻ കള്ളനെ കയ്യോടെ പിടികൂടിയത് ഇരട്ടക്കുട്ടികൾ