കെപിസിസി പുനഃ സംഘടന ദളിത് കോൺഗ്രസിൽ അമർഷം

കാഞ്ഞങ്ങാട്: കെപിസിസി  പ്രസിദ്ധീകരിച്ച പുതിയ ഭാരവാഹിപ്പട്ടികയിൽ ജില്ലയിൽ നിന്നും ദളിത് വിഭാഗത്തിലുള്ള ഒരാളെപ്പോലും ഉൾപ്പെടുത്തിയില്ല.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിലവിലുള്ള ഭാരവാഹികൾ മുഴുവൻ കെപിസിസി അംഗമായും, ഡിസിസി ഭാരവാഹികളായും തെരഞ്ഞെടുക്കപ്പെട്ടതായി ഇന്നലെ പ്രഖ്യാപിച്ച ലിസ്റ്റിൽ വ്യക്തമായിട്ടുണ്ട്. 

ഏഐ വിഭാഗങ്ങൾ മത്സരിച്ച്  ജംബോ പട്ടികയിലേക്ക് പേര് നിർദ്ദേശിച്ചപ്പോൾ, ദളിത് കോൺഗ്രസ് ഭാരവാഹികളെ സൗകര്യപൂർവ്വം മറക്കുകയായിരുന്നു.

ജില്ലയിലെ ദളിത് മേഖലകളിൽ കോൺഗ്രസിനെ ശക്തമാക്കിയത് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി. രാമചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി. പത്മനാഭൻ മാസ്റ്റർ, കെ.പി. മോഹനൻ, കെ. സിന്ധു, സുന്ദര ആരിക്കാടി, കെ. രാജു, രത്നാകരൻ കൊട്ടറ, സഞ്ജീവൻ മടിവയൽ, സജീഷ് കൈതക്കാട്, കെ. ദിലീപ്കുമാർ, സുന്ദര കുറിച്ചിക്കുന്ന്, കെ. ജയപ്രകാശ്, പ്രകാശൻ കാന്തിലോട്ട്, വിനോദ് ആവിക്കര  എന്നിവരുടെ ശ്രമഫലമായിട്ടാണ്.

ആദിവാസി മേഖലകളിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുണ്ടാക്കിയ കോൺഗ്രസ് നേതാക്കളെക്കുറിച്ച് ഡിസിസിക്കും, കെപിസിസിക്കും വ്യക്തമായി അറിയാമെങ്കിലും, കെപിസിസിയിലേക്ക് ഒരാളെപ്പോലും പരിഗണിക്കാത്തത് കടുത്ത വിവേചനമായാണ് ദളിത് കോൺഗ്രസ് കരുതുന്നത്.

പാർട്ടി ഭാരവാഹിപ്പട്ടികയിൽ നിന്നും ദളിത് കോൺഗ്രസിനെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച്  വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ദളിത് കോൺഗ്രസ്.

കെപിസിസി അംഗത്വം നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും  ദളിത് കോൺഗ്രസ് ആലോചിക്കുന്നുണ്ട്.

വ്യാഴാഴ്ച കാഞ്ഞങ്ങാട്ട്  ചേരുന്ന ദളിത് കോൺഗ്രസ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ മുഴുവൻ ഭാരവാഹികളും സ്ഥാനമാനങ്ങൾ രാജിവെക്കുമെന്ന് ദളിത് കോൺഗ്രസ് ഡിസിസി, കെപിസിസി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡിസിസി  സമർപ്പിച്ച ലിസ്റ്റിൽ ദളിത് കോൺഗ്രസിന് പ്രാതിനിധ്യം കൊടുത്തില്ലെന്നും വിമർശനമുണ്ട്.

LatestDaily

Read Previous

വക്കീലൻമാർക്ക് കോടതിയിൽ എഫ്ഐആർ വിലക്ക്

Read Next

പോലീസ് ജീപ്പ്്്് കത്തിച്ച കേസിൽ പ്രോസിക്യൂഷൻ പരാജയം: 13 പ്രതികളെ വിട്ടു