ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാലിക്കടവ്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ചന്തേര പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച 4 കേസ്സുകൾ കൂടി രജിസ്റ്റർ ചെയ്തു.
ഇതോടെ മഞ്ചേശ്വരം എംഎൽഏ എടച്ചാക്കൈയിലെ എം. സി. ഖമറുദ്ദീൻ, ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയുള്ള കേസ്സുകളുടെ എണ്ണം 42 ആയി.
മടക്കരയിലെ അബ്ദുൾ റസാഖ്, ചെറുവത്തൂർ കാടങ്കോട്ടെ സൗദ ഏ. പി, മടക്കരയിലെ താഹിറ ഇ. കെ, പി. കെ. ഷക്കീല എന്നിവരുടെ പരാതിയിലാണ് എംഎൽഏയ്ക്കും, പൂക്കോയ തങ്ങൾക്കുമെതിരെ ഇന്നലെ 4 കേസ്സുകൾ കൂടി രജിസ്റ്റർ ചെയ്തത്.
മടക്കരയിലെ ഇ. പി. അബ്ദുൾ റസാഖ്, മകൾ ഷബാന എന്നിവർ ചേർന്ന് 2014-ലാണ് ഫാഷൻ ഗോൾഡിൽ 21.5 ലക്ഷം രൂപ നിക്ഷേപിച്ചത്. കാടങ്കോട്ട ഏ. പി. സൗദ 2015-ലാണ് ഫാഷൻ ഗോൾഡിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇ. കെ. താഹിറ 2016-ലാണ് ഫാഷൻ ഗോൾഡിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചത്. മടക്കരയിലെ പി. കെ. ഷക്കീല 2011-ലാണ് ഫാഷൻ ഗോൾഡിൽ 20 ലക്ഷം രൂപ നിക്ഷേപിച്ചത്.
വെള്ളിയാഴ്ച രജിസ്റ്റർ ചെയ് നാല് കേസ്സുകളിലും എംഎൽഏ ഒന്നാം പ്രതിയാണ്. എംഎൽഏക്കെതിരെയുള്ള 14 കേസ്സുകൾ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ചന്തേര പോലീസിന്റെ പക്കലുള്ള 20 കേസ്സുകൾ തുടരന്വേഷണത്തിനായി സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും.
ജ്വല്ലറിത്തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് വിഭാഗം കണ്ണൂർ എസ്പി, മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, പി. കെ. സുധാകരൻ, ഇൻസ്പെക്ടർമാരായ അബ്ദുൾ റഹീം, മാത്യു, മധുസൂദനൻ എന്നിവർ സംഘത്തിലുൾപ്പെടും.
കേസ്സന്വേഷണത്തിന്റെ തുടർപ്രക്രിയകളെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം കാസർകോട് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ, കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം. പി. വിനോദ് എന്നിവരുമായി ചർച്ച നടത്തും.
ചന്തേര പോലീസ് സ്റ്റേഷനിൽ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസ്സുകളിൽ 5. 73 കോടി രൂപ, 68 പവൻ എന്നിവ തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്. പരാതികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തുക ഇനിയും വർദ്ധിക്കും.
ജ്വല്ലറിത്തട്ടിപ്പ് അന്വേഷിക്കാനായി നിയോഗിച്ച ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇന്ന് ചന്തേര പോലീസ് സ്റ്റേഷനിലെത്തി പരാതികൾ പരിശോധിക്കും. തുടർന്ന് കേസ്സ് ഫയലുകൾ ഏറ്റുവാങ്ങും.