പൂക്കാത്തതും കായ്ക്കാത്തതുമായ കഞ്ചാവ് ചെടി ​കഞ്ചാവല്ല;ബോംബെ ഹൈക്കോടതി

മുംബൈ: പിടിച്ചെടുത്ത പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി കഞ്ചാവിന്‍റെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ ആൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. മയക്കുമരുന്ന് കൈവശം വച്ചതിന് മുംബൈ സ്വദേശിയായ കുനാൽ കാഡുവിനെയാണ് എൻസിബി അറസ്റ്റ് ചെയ്തത്.

വാണിജ്യാടിസ്ഥാനത്തിൽ ഇടപാട് നടത്തിയ കാഡു കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. ജസ്റ്റിസ് ഭാരതി ഡാംഗ്രെയാണ് വിധി പ്രസ്താവിച്ചത്. കാഡുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

കണ്ടെടുത്ത മയക്കുമരുന്ന് കഞ്ചാവിന്‍റെ നിർവചനത്തിന് കീഴിലാണെന്ന് എൻസിബിയുടെ അഭിഭാഷകൻ ശ്രീറാം ഷിർസത്ത് കോടതിയിൽ വാദിച്ചു. ഇത് വാണിജ്യപരമായ അളവാണെങ്കിൽ വിചാരണ വേളയിൽ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഷിർസാത്ത് കോടതിയെ അറിയിച്ചു. എന്നാൽ, എൻസിബിയുടെ വാദം തള്ളിയ ജസ്റ്റിസ് ഡാംഗ്രെ, ഏതൊക്കെ വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും വിശകലനത്തിനായി കൈമാറിയത് എന്താണെന്നും ഉറപ്പാക്കേണ്ടത് എൻസിബിയുടെ കടമയാണെന്നും ഇത് വിചാരണ കോടതിയുടെ അനുമാനത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും പറഞ്ഞു.

K editor

Read Previous

മിന്നൽ മുരളിയും കുഞ്ഞിരാമനും ഭാവിയിൽ ഒന്നിക്കും: ബേസിൽ ജോസഫ്

Read Next

പത്താം ക്ലാസുകാരിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി തള്ളി; രണ്ട് പേർ അറസ്റ്റിൽ