പേരുവെളിപ്പെടുത്താത്തവര്‍ക്ക് മൗലികാവകാശത്തിന് അര്‍ഹതയില്ല; കേന്ദ്രം

ന്യൂഡല്‍ഹി: പേര് വെളിപ്പെടുത്താതിരിക്കുന്നവർക്ക് മൗലികാവകാശങ്ങൾക്ക് അർഹതയില്ലെന്ന കേന്ദ്രത്തിന്‍റെ നിലപാട് കോടതിയിൽ നിലനിൽക്കുമോ? കേന്ദ്രവും ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള തർക്കത്തിനിടയിൽ കഴിഞ്ഞ ദിവസം സർക്കാർ ഉന്നയിച്ച ഈ വാദം കോടതി അംഗീകരിച്ചാൽ അത് പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിധികളിൽ ശ്രദ്ധേയമാകും. ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ നൽകിയ കേസിൽ കര്‍ണാടക ഹൈക്കോടതിയിലാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ പുതിയനിലപാട് അറിയിച്ചത്. ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉള്ളടക്കം നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്‍റെ ഉത്തരവ് ഏകപക്ഷീയമാണെന്നും ട്വീറ്റ് ഉടമകൾക്ക് സർക്കാർ നോട്ടീസ് നൽകിയിട്ടില്ലെന്നും ട്വിറ്റർ വാദിച്ചു. രാഷ്ട്രീയ സ്വഭാവമുള്ള ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും ട്വിറ്റർ അറിയിച്ചു. എന്നാൽ, വ്യാജവാർത്തകളുടെ വ്യാപനം തടയുന്നതിനും ദേശീയ സുരക്ഷയും ക്രമസമാധാനവും നിലനിർത്താനുമാണ് ഇടപെടലെന്നാണ് കേന്ദ്രത്തിന്‍റെ വാദം.

വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയാൻ ട്വിറ്ററിന്‍റെ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഒരു വിദേശ കമ്പനിയായ ട്വിറ്റർ, വാണിജ്യ താൽപ്പര്യങ്ങൾക്കായി മൗലികാവകാശങ്ങളുടെ ലംഘനം ഉന്നയിക്കുന്നു. അതുനിലനില്‍ക്കുന്നതല്ല. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ വിലക്കുന്നതിനു നിര്‍ദേശംനല്‍കാന്‍ ഐ.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ട്.

K editor

Read Previous

‘ഞങ്ങളുടെ കുട്ടികളെയും രക്ഷിച്ചു, നന്ദി’; മോദിയെ പുകഴ്‌ത്തി ഷെയ്ഖ് ഹസീന

Read Next

‘ബേബി ഓണ്‍ ബോര്‍ഡ്’; ആലിയ ഭട്ടിനെതിരെ രൂക്ഷ വിമർശനം