കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നിലയ്ക്കാത്ത മഴയിൽ നിരവധി റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.
കോട്ടച്ചേരി ബസ്റ്റാന്റ് പരിസരം ഇന്നലെ പകൽ മുഴുവൻ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലായിരുന്നു. നഗരത്തിൽ മെയിൻ റോഡുകളും സർവ്വീസ് റോഡുകളും വേർതിരിക്കുന്ന ഡിവൈഡറുകളുടെ പരിസരങ്ങളിലാകെ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ സർവ്വീസ് റോഡുകളിൽ കാൽനടയാത്ര തീർത്തും ദുസ്സഹമായി.
ഓവുചാലുകളിൽ പലതിലും വെള്ളം ഒഴുകിപ്പോകാൻ മതിയായ സംവിധാനമില്ല. മിക്ക ഓവുചാലുകൾക്കും സമീപം വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്.
റെയിൽപാളത്തിന്റെ പടിഞ്ഞാറ് വശം നെൽവയലുകൾ മിക്കതും വെള്ളത്തിലാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള നെൽകൃഷിയും പലേടത്തും വെള്ളം കയറിയിട്ടുണ്ട്.