ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: താൻ സ്പീക്കറായിരിക്കുമ്പോഴും രാഷ്ട്രീയം നന്നായി പറഞ്ഞിട്ടുണ്ടെന്ന് നിയുക്ത മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സ്പീക്കർ സ്ഥാനം രാജിവച്ച ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ രാഷ്ട്രീയം പറയുമെന്നും കക്ഷിരാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും സ്പീക്കറായി ചുമതലയേറ്റപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും എം.ബി രാജേഷ് പറഞ്ഞു.
കക്ഷിരാഷ്ട്രീയം പറയാൻ തടസമുണ്ടായ സമയത്ത്, സ്പീക്കർ പദവി അത് അനുവദിക്കാത്തപ്പോൾ പ്രയാസമുള്ളതായി തോന്നിയിട്ടില്ല. പക്ഷേ, രാഷ്ട്രീയം നന്നായി പറയാൻ ഒരു മടിയും കാണിച്ചിട്ടില്ല. നിയമസഭയിൽ അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യദിന പ്രസംഗം ശക്തമായ രാഷ്ട്രീയ നിലപാടായിരുന്നു. ഭരണപക്ഷ നിരയിലെ മുൻനിരക്കാരനായ എ.എൻ.ഷംസീറിനു ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലുണ്ടാകുമ്പോൾ മുൻനിരയിലുണ്ടാകേണ്ടി വരുമെന്ന്, ചോദ്യത്തിനു മറുപടിയായി എം.ബി.രാജേഷ് പറഞ്ഞു.
‘‘പുതിയ പദവി ലഭിച്ച സാഹചര്യത്തിൽ അതിനനുസരിച്ച് അദ്ദേഹത്തിനു പ്രവർത്തിക്കേണ്ടിവരും. സ്ട്രൈക്കറായി കളിച്ചയാൾ റഫറിയാകേണ്ടി വരുമ്പോൾ എന്താകുമെന്നായിരുന്നു താൻ സ്പീക്കറായപ്പോൾ ഉയർന്ന ചോദ്യം. റഫറിയായപ്പോൾ മോശമായില്ല എന്നു മാധ്യമങ്ങൾ പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ മോശമാണെന്നു പ്രതിപക്ഷവും പറഞ്ഞിട്ടില്ല. പ്രതിപക്ഷമാണ് ഏറ്റവും വലിയ അംഗീകാരം നൽകേണ്ടത്. അതേപോലെ ഷംസീറിനും ചുമതലയ്ക്കനുസരിച്ച് പരുവപ്പെടാൻ കഴിയും’’ എം.ബി.രാജേഷ് പറഞ്ഞു.