നിതീഷിന് തിരിച്ചടി; മണിപ്പൂരിൽ 6 എംഎൽഎമാരിൽ 5 പേരും ബിജെപിയിൽ

ബിഹാറിൽ ആർ‌ജെഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ കൂട്ടുപിടിച്ച് ബിജെപിയുമൊത്തുള്ള സഖ്യ സർക്കാർ പൊളിച്ച ജെഡിയു നേതാവ് നിതീഷ് കുമാറിനോട്, മണിപ്പൂരിൽ ‘പകരം വീട്ടി’ ബിജെപി. മണിപ്പൂരിൽ നിതീഷ് കുമാറിന്റെ ജെഡിയു അംഗങ്ങളായ അഞ്ച് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നു. നിയമസഭാ സെക്രട്ടറി കെ.മേഘജിത്ത് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിൽ ജെഡിയുവിന് ആകെ ഏഴ് എംഎൽഎമാരാണുള്ളത്. അതിൽ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്.

ബിഹാറിൽ ഒൻപതു വർഷത്തിനിടെ രണ്ടാം തവണയും ബിജെപിയെ പാതിവഴിയിൽ കൈവിട്ടതിനു പിന്നാലെയാണ്, നിതീഷിന്റെ പാർട്ടിക്ക് മണിപ്പൂരിൽ കനത്ത തിരിച്ചടി നേരിടുന്നത്. അഞ്ച് ജെഡിയു എംഎൽഎമാർ ബിജെപിയിൽ ചേർന്നതിന് സ്പീക്കർ അംഗീകാരം നൽകിയതായി മണിപ്പുർ നിയമസഭാ സെക്രട്ടറി കെ.മേഘജിത്ത് സിങ് അറിയിച്ചു. ജെഡിയു എംഎൽഎമാരായ ജോയ്കിഷൻ, എൻ സനാത്തെ, മുഹമ്മദ് അചാബുദ്ദീൻ, മുൻ ഡിജിപി എൽ.എം. ഖൗട്ടെ, താങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിതീഷ് കുമാറിന്റെ പാർട്ടിയിൽനിന്ന് ബിജെപി എംഎൽഎമാരെ ചാക്കിലാക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനു മുൻപ് 2020ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള ഏഴ് ജെഡിയു എംഎൽഎമാരിൽ ആറു പേർ ബിജെപിയിൽ ചേർന്നിരുന്നു. അരുണാചലിൽ ശേഷിച്ചിരുന്ന ഏക ജെഡിയു എംഎൽഎയും പിന്നീട് ബിജെപിയിൽ ചേർന്നു.

Read Previous

കെഎസ്ആർടിസിയിൽ ഓണം ബോണസില്ല; ജൂലൈയിലെ പകുതി ശമ്പളം നൽകും

Read Next

‘അമ്മ’യിൽ ജി.എസ്.ടി തട്ടിപ്പ്; ഇടവേള ബാബുവിന്റെ മൊഴിയെടുത്തു