ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വിജയ് ദേവരകൊണ്ടയെ കേന്ദ്രകഥാപാത്രമാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ‘ലൈഗർ’ വലിയ പരാജയമായിരിക്കുകയാണ്. ഓഗസ്റ്റ് 25 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം റെക്കോർഡ് വരുമാനം നേടി. പക്ഷേ രണ്ടാം ദിവസം ആയപ്പോഴേക്കും തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ വരുമാനം 77 ശതമാനവും ഹിന്ദി ബെൽറ്റിൻ 50 ശതമാനവും വരുമാനം കുറഞ്ഞു. ഒരാഴ്ച പിന്നിടുമ്പോൾ പല ഷോകളും തീയറ്റർ ഉടമകൾ റദ്ദാക്കിയിരിക്കുകയാണ്. വിതരണക്കാരും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചിത്രത്തിനായി മുടക്കിയ തുകയുടെ 65 ശതമാനത്തിലധികം നഷ്ടം സംഭവിച്ചതായി വിതരണക്കാർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ. ഹൈദരാബാദിൽ വച്ച് തങ്ങളെ കാണാമെന്ന് സംവിധായകൻ ഉറപ്പ് നൽകിയതായി വിതരണക്കാർ പറഞ്ഞു.
ഇന്ത്യയിൽ 3000 ലധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അനന്യ പാണ്ഡെ, രമ്യാ കൃഷ്ണൻ, മൈക്ക് ടൈസൺ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസിന് തൊട്ടുമുമ്പേ ചിത്രം വിവാദത്തിലായിരുന്നു. വിജയ് മേശപ്പുറത്ത് കാല് കയറ്റി വെച്ചതിന് ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനമുണ്ടായി. ഇതിന് മറുപടിയുമായി വിജയ് രംഗത്തെത്തിയിരുന്നു.
കരൺ ജോഹറാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ കരൺ കടുത്ത വിമർശനം നേരിട്ടിരുന്നു. അതിനുശേഷം, കരണിന്റെ സിനിമ കാണരുതെന്ന് ബഹിഷ്കരണ ആഹ്വാനമുണ്ടായിരുന്നു.