കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ്സിന്റെ കാഞ്ഞങ്ങാട് ഡിവൈഎസ്പി മാർച്ചിൽ സംഘർഷമൊഴിവായി.
പെരിയ ഇരട്ടക്കൊലപാതകക്കേസ് ഫയൽ സിബിഐക്ക് കൈമാറാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ യൂത്ത്കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെയും പ്രവർത്തകരെയും പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
സംഘർഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കാഞ്ഞങ്ങാട്ട് ഡി വൈഎസ്പി ഓഫീസ് മാർച്ച് തടയാൻ പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ഡിവൈഎസ്പി ഓഫീസിന് 100 മീറ്റർ അകലെ ട്രഷറി ഓഫീസിന് മുന്നിൽ റോഡിൽ ബാരിക്കേഡ് തീർത്താണ് പോലീസ് മാർച്ച് തടഞ്ഞത്.
കോട്ടച്ചേരി കുന്നുമ്മലിൽ നിന്നും മാർച്ച് ആരംഭിച്ചു. കനത്തമഴയിലായിരുന്നു മാർച്ച്. സംഘർഷമുണ്ടായാൽ നേരിടാൻ ജലപീരങ്കിയും പോലീസ് ഒരുക്കി നിർത്തിയിരുന്നു. ഡിവൈഎസ്പി എംപി വിനോദിന്റെ നേതൃത്വത്തിലാണ് പോലീസ് മാർച്ച് തടഞ്ഞത്.