ലക്ഷ്യം അധികാരമാകരുത്

കേരളത്തിൽ നിന്നും പാർലിമെന്റിലേക്ക് തെരഞ്ഞെടുത്തയച്ച ചില എം. പി മാർ സംസ്ഥാന രാഷ്ട്രീയത്തിൽ തിരികെ വരാനൊരുങ്ങുകയാണെന്ന് വാർത്തകൾ  പുറത്തു വന്നു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 2 വർഷം പൂർത്തിയാകുന്നതിന് മുമ്പുള്ള ഈ ചുവടുമാറ്റം അധികാരമോഹം മൂലമാണെന്ന് പൊതുജനം പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്  മുതൽ ഫല പ്രഖ്യാപനം. നടത്തുന്നതുവരെയുള്ള തെരഞ്ഞെടുപ്പ്  പ്രക്രിയയിൽ കോടികളുടെ സാമ്പത്തിക ചെലവും നിരവധി പേരുടെ മനുഷ്യാധ്വാനവും തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംഘർങ്ങളും പിന്നീട്ടാണ് ഒാരോ സ്ഥാനാർത്ഥിയും തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തവണ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തർക്കം വെഞ്ഞാറമ്മൂട്ടിൽ ഇരട്ടക്കൊലപാതകത്തിൽ വരെ എത്തിച്ചേരുകയും ചെയ്തു.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ മാറി മാറി മത്സരിക്കുന്നത് വഴി സമ്പദ് വ്യവസ്ഥയിൽ നിന്നുള്ള പൊതു നികുതിപ്പണമാണ് ചോരുന്നതെന്ന് രാഷ്ട്രീയ ഗോദയിൽ മത്സരിക്കാനൊരുെമ്പടുന്നവർ മറന്നു കൂടാത്തതാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് കേരളത്തിലേക്ക് ചുവടുമാറാനൊരുങ്ങുന്ന ജനപ്രതിനിധികൾ ലക്ഷ്യമിടുന്നത് അധികാര രാഷ്ട്രീയമാണെന്നത് പകൽപോലെ വ്യക്തമാണ്.

ജനങ്ങളെ സേവിക്കണമെങ്കിൽ രാഷ്ട്രീയാധികാരം വേണമെന്ന മിഥ്യാബോധവും, അധികാരത്തിന്റെ ചക്കരക്കുടത്തിൽ  കൈയ്യിട്ട് മധുരം ഭുജിക്കാനുള്ള ആർത്തിയുമാണ് ഇന്ത്യയിലെ ഒാരോ രാഷ്ട്രീയ കക്ഷിയിലുമുള്ള നേതാക്കൾക്കുള്ളത്. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനും, അധികാരക്കസേരകൾ ഉറപ്പിക്കാനും മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഉദരംഭരി രാഷ്ട്രീയ നേതാക്കളുടെ നാട് കൂടിയാണ് ഇന്ത്യ.

എഴുപതുകളുടെ അവസാനത്തിൽ മുഴങ്ങിക്കേട്ട ആയാറാം ഗയാറാം രാഷ്ട്രീയ പ്രവർത്തകരുടെ  മറ്റൊരു പതിപ്പാണ് പാർലമെന്റംഗത്വം  ഒഴിവാക്കി നിയമസഭയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നവരെന്ന് കാണാം. സമ്പദ് വ്യവസ്ഥ പൊട്ടി പാളീസായി കിടക്കുന്ന അവസരത്തിൽ നിലവിലുള്ള  പാർലമെന്റഗംത്വം രാജിവെയ്ക്കാൻ ആരെങ്കിലും ഒരുങ്ങുന്നുണ്ടെങ്കിൽ അവർ പൊതുജനങ്ങളുടെ ജനാധിപത്യ ബോധത്തെയാണ് പരിഹസിക്കുന്നത്.

വിശ്വസിക്കുന്ന രാഷ്ട്രീയാദർശങ്ങളുടെ പേരിൽ മാത്രം ഇത്തരം വിഴുപ്പ് ഭാണ്ഡങ്ങളെ ചുമക്കണോ എന്ന് തീരുമാനിക്കേണ്ടത് ജനാധിപത്യത്തിലെ പരമാധികാരികളായ പൊതുജനമാണ്. അധികാരക്കസേരകൾ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ എന്തിന് തെരഞ്ഞെടുത്തയക്കണമെന്ന് ചിന്തിക്കേണ്ടത് വോട്ടർമാർ തന്നെയാണ്. പാർലമെന്റിനകത്ത് ഒരു ഇലയനക്കം പോലുമുണ്ടാക്കാൻ കഴിയാത്തവരാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ പെട്ടി തയ്യാറാക്കുന്നതെന്നും കാണാതിരിക്കരുത്.

അധികാരമോഹം മാത്രം കൈമുതലാക്കി പ്രവർത്തിക്കുന്നവർ ഒാർക്കേണ്ടത് മഹാത്മാഗാന്ധി ഇപ്പോഴും ജനഹൃദയങ്ങളിൽ ജീവിക്കുന്നത് ഏതെങ്കിലും അധികാര സ്ഥാനങ്ങളിലിരുന്നത് കൊണ്ടല്ല എന്നാണ്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ് വക മാറ്റിയത് 7 കോടി

Read Next

റിയാദിൽ വാഹനാപകടത്തിൽ മരണപ്പെട്ടു