എൻസിപിയിൽ കലാപം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് മൂന്ന് നാൾ തുറന്നില്ല

കാഞ്ഞങ്ങാട് : മന്ത്രി ഏ.കെ. ശശീന്ദ്രൻ നയിക്കുന്ന നാഷണലിസ്റ്റ് കോൺഗ്രസ് (എൻസിപി), പാർട്ടിയുടെ കാസർകോട് ജില്ലാ കമ്മിറ്റിയിൽ കലാപം. ഒമ്പതുമാസക്കാലം എൻസിപി ജില്ലാ അധ്യക്ഷ പദവി അലങ്കരിച്ച ചെറുവത്തൂർ സ്വദേശി രവി കുളങ്ങരയെ അട്ടിമറി വോട്ടെടുപ്പിൽ സ്ഥാന ഭ്രഷ്ഠനാക്കിയ പ്രസിഡണ്ട് കരീം ചന്തേരയ്ക്കെതിരെ ആരോപണങ്ങളുമായി രവികുളങ്ങര ഇന്ന് ലേറ്റസ്റ്റിലെത്തി.

പ്രസിഡണ്ടായി കരീം ചന്തേരയെ തിരഞ്ഞെടുത്ത നടപടി ജനാധിപത്യ രീതിയിലല്ലെന്നാണ് കുളങ്ങരയുടെ പുതിയ ആരോപണം. നിലവിൽ എൻസിപി ജില്ലാ അധ്യക്ഷൻ താൻ തന്നെയാണ്. അധികാരം ൈകമാറാൻ പാർട്ടി സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോ ആവശ്യപ്പെട്ടിട്ടില്ല. നിർജ്ജീവമായിക്കിടന്നിരുന്ന എൻസിപിക്ക് ജില്ലയിൽ ശക്തമായ വേരുണ്ടാക്കിയത് താൻ പ്രസിഡണ്ടായതിന് ശേഷമാണെന്ന് കുളങ്ങര അവകാശപ്പെട്ടു.

പ്രതിമാസം പത്തായിരം രൂപ വാടകയിനത്തിൽ പടന്നക്കാട്ട് മൂവായിരം ചതുരശ്ര അടിയിലുള്ള ഓഫീസ് തുറന്നതും, ഇൗ ഓഫീസ് സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോയെക്കൊണ്ട് ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനം ചെയ്യിപ്പിച്ചതും തന്റെ കാലത്താണ്. പാർട്ടിക്ക് വിവിധ മേഖലകളിൽ വേരുകളുണ്ടാക്കി. രാഹുൽ നിലാങ്കരയടക്കം നിരവധി യുവാക്കൾ ജില്ലയിൽ പുതുതായി പാർട്ടിയിലേക്ക് വന്നു. ഇപ്പോൾ എസ്ഡിപിയുമായി രാത്രികാല  രഹസ്യ ബന്ധമുള്ള ചിലർ പാർട്ടിയെ നിയന്ത്രിക്കാൻ അധികാരം പിടിച്ചെടുത്തിരിക്കയാണ്.

ഇൗ അട്ടിമറിക്ക് സംസ്ഥാന സിക്രട്ടറി അഡ്വ. സുരേഷ്ബാബു കൂട്ടുനിന്നത് പരിതാപകരമാണ്. കഴിഞ്ഞ 9 മാസക്കാലമായി ജില്ലാ കമ്മിറ്റി ഓഫീസ് വാടകയിനത്തിലും മറ്റുമായി ഏഴുലക്ഷം രൂപ പാർട്ടിക്ക് കട ബാധ്യതയുണ്ട്. ഇടതു ഭരണത്തിലുള്ള പാർട്ടിയെന്ന നിലയിലും സുപ്രധാന വകുപ്പായ വനം കൈകാര്യം ചെയ്യുന്ന പാർട്ടി എന്ന നിലയിലും, പോയ 9 മാസക്കാലം ഒരാളിൽ നിന്നുപോലും ഒരു ചില്ലാക്കാശ് സംഭാവന ആവശ്യപ്പെട്ടിട്ടില്ല.

ജില്ലയിൽ 150 വൻകിട മരമില്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ നിന്നെല്ലാം പാർട്ടിക്ക് പണം പിരിക്കാൻ ചില ജില്ലാ ഭാരവഹികളിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെങ്കിലും, താൻ അതിന് കൂട്ടുനിന്നില്ല. സ്വന്തം കീശയിൽ നിന്ന് പണമെടുത്താണ് പ്രസിഡണ്ടായശേഷം പാർട്ടിയെ മുന്നോട്ട് നയിച്ചതെന്ന് രവികുളങ്ങര തുറന്നു പറഞ്ഞു.

പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് കഴിഞ്ഞ മൂന്ന് ദിവസമായി തുറക്കാറില്ല. ഓഫീസിന്റെ താക്കോൽ രവികുളങ്ങരയുടെ കൈകളിലാണെന്ന് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന പടന്നക്കാട്ടെ പാർട്ടി ജില്ലാ സിക്രട്ടറി ജോൺ ഐമൻ ലേറ്റസ്റ്റിനോട് പറഞ്ഞു. 7 ലക്ഷം രൂപയുടെ ബാധ്യത പുതിയ ജില്ലാ പ്രസിഡണ്ട് കരീം ചന്തേരയും അദ്ദേഹത്തെ അനുനയിക്കുന്ന എൻവൈസി നേതാക്കളും തീർക്കണമെന്ന് കുളങ്ങര ആവശ്യപ്പെട്ടു.

LatestDaily

Read Previous

തമിഴ് യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം  ചെയ്തു

Read Next

ആത്മഹത്യാ ഭീഷണിക്കിടെ യുവാവ് കഴുത്തിൽ  കുരുക്ക് മുറുകി മരിച്ചു