സ്കൂൾ ഗ്രൗണ്ടിൽ റെയ്സ് നടത്തിയ ആഢംബര കാർ പിടിയിൽ 

സ്വന്തം ലേഖകൻ

മേൽപ്പറമ്പ്: സ്കൂൾ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അമിതവേഗതയിൽ കാറോടിച്ച് പരിഭ്രാന്തി  പരത്തിയെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് 3 പേർക്കെതിരെ കേസ്സെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12-30 മണിക്കാണ് ഷാർജാ റജിസ്ട്രേഷനിലുള്ള 43626 നമ്പർ കാറിലെത്തിയ മൂന്നംഗ സംഘം ചട്ടഞ്ചാൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ ഓടിച്ച് കയറ്റിയത്.

സ്കൂൾ ഗ്രൗണ്ടിൽ കാർ റേസ് നടത്തിയും ഉച്ചത്തിൽ ഹോൺ മുഴക്കിയും മൂന്നംഗസംഘം  സ്ഥലത്ത് ഭീതി പരത്തി. സ്കൂൾ പ്രവർത്തനം  തടസ്സപ്പെടുത്തുന്ന വിധത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വാഹന റേയ്സ് നടത്തിയത് ചോദ്യം ചെയ്തതിന് സ്കൂൾ പ്രിൻസിപ്പാൾ എം.ജെ. ടോമിയെയും സംഘം ഭീഷണിപ്പെടുത്തി.

പ്രിൻസിപ്പാളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെയാണ് മേൽപ്പറമ്പ് പോലീസ് കേസ്സെടുത്തത്. സ്കൂൾ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയ ഒരു കോടി രൂപയുടെ ആഢംബര സ്പോർട്സ് കാർ മേൽപ്പറമ്പ്  പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കീഴൂർ ചെമ്പിരിക്ക സ്വദേശികളായ മൂന്ന് പ്രവാസി യുവാക്കളാണ് സ്കൂൾ ഗ്രൗണ്ടിൽ ആഢംബര കാറുമായി ആഭ്യാസപ്രകടനം നടത്തിയതെന്ന് കണ്ടെത്തി.

വാഹനത്തിന്റെ വിദേശ റജിസ്ട്രേഷൻ, വാഹനം ഇന്ത്യയിൽ ഓടിക്കാനുള്ള അനുമതി മുതലായവ പരിശോധിക്കുന്നതിന് മേൽപ്പറമ്പ് പോലീസ് മോട്ടോർ വാഹന വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥിനികളുടെ ശ്രദ്ധയാകർഷിക്കാനാണ് ഇന്നലെ മൂന്നംഗസംഘം ആഢംബര കാറുമായി സ്കൂൾ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയത്.

LatestDaily

Read Previous

ആമ്പർ ഗ്രീസ് പുത്തൂർ ബോസിനെ തിരിച്ചറിഞ്ഞു

Read Next

പൈപ്പ് നന്നാക്കാന്‍ വീട്ടിൽക്കയറി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു