ആമ്പർ ഗ്രീസ് പുത്തൂർ ബോസിനെ തിരിച്ചറിഞ്ഞു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പത്തുകോടി രൂപ വില കണക്കാക്കുന്ന തിമിംഗല ഛർദ്ദി ആമ്പർ ഗ്രീസ് പിടികൂടിയ കേസ്സിൽ ഈ ഗ്രീസ് കേസ്സിലെ ഒന്നാംപ്രതി കൊവ്വൽപ്പള്ളിയിലെ കെ.വി. നിഷാന്തിന് 41, ഗ്രീസ് വാങ്ങിയ  പുത്തൂർ ബോസിനെ തിരിച്ചറിഞ്ഞു. കേസ്സിൽ ഒന്നാംപ്രതി നിഷാന്തിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർ ചോദ്യം ചെയ്തപ്പോഴാണ് ആമ്പർഗ്രീസ്  വാങ്ങിയ ദക്ഷിണ കർണ്ണാടക പുത്തൂർ സ്വദേശിയുടെ പേരും ഫോൺ നമ്പരും നിഷാന്ത് വെളിപ്പെടുത്തിയത്.

അന്വേഷണത്തിൽ ഇങ്ങനെ ഒരാൾ പുത്തൂരിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ആമ്പർ ഗ്രീസ് കേസ്സ് പോലീസ് വനംവകുപ്പിന് കൈമാറിയതിനാൽ ഇനി ഗ്രീസിന്റെ ഉറവിടം കണ്ടെത്തേണ്ട ചുമതല വനംവകുപ്പ് അധികൃതർക്കാണ്. ആമ്പർഗ്രീസ് കേസ്സിൽ പ്രതികളായ ഒന്നാംപ്രതി കെ.വി. നിഷാന്ത് 41, രണ്ടാം പ്രതി മുറിയനാവിയിലെ മാടമ്പില്ലത്ത് സിദ്ദിഖ് 34, മൂന്നാംപ്രതി കൊട്ടോടി മാവില വീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെ മകൻ പി. ദിവാകരൻ എന്നിവരെ കോടതി റിമാന്റ് ചെയ്തു.

കുറ്റകൃത്യം തെളിഞ്ഞാൽ മൂന്നര വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ജൈവ വൈവിധ്യ സംരക്ഷണ നിയമവും വന്യജീവി സംരക്ഷണ നിയമവുമാണ് മൂന്ന് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. വനംവകുപ്പ് ഇനി പുതുതായി റജിസ്റ്റർ ചെയ്യുന്ന എഫ്ഐആറിലും ഈ വകുപ്പുകൾ തന്നെ  ആയിരിക്കും.

ആമ്പർ ഗ്രീസിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ വനംവകുപ്പിന്റെ അന്വേഷണം ദക്ഷിണ കർണ്ണാടകയിലേക്ക് വ്യാപിപ്പിക്കേണ്ടത് വനംവകുപ്പാണ്. മലപ്പുറം മുഴക്കുന്ന് പോലീസ് മാസങ്ങൾക്ക് മുമ്പ്  രണ്ടുകിലോ ആമ്പർഗ്രീസ് പിടികൂടിയിരുന്നു. പത്തുകിലോ ആമ്പർഗ്രീസ് പിടികൂടിയത് ഹൊസ്ദുർഗ് പോലീസാണ്. സംസ്ഥാനത്ത് തന്നെ  ഏറ്റവും വലിയ കേസ്സാണ് ഹൊസ്ദുർഗ്ഗിൽ റജിസ്റ്റർ ചെയ്തത്.

ജൈവ വൈവിധ്യ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡിവൈഎസ്പി,  ഡോ. വി. ബാലകൃഷ്ണൻ ആമ്പർ ഗ്രീസിന്റെ സാധ്യതകളറിയാനും മനസ്സിലാക്കാനും ഇന്നലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തുകയും ഡിവൈഎസ്പി, പി. ബാലകൃഷ്ണൻനായരുമായി ചർച്ച നടത്തുകയും ചെയ്തു.

LatestDaily

Read Previous

‘ബിജെപി മുക്ത ഭാരതം’; നാളെ നിതീഷ് കുമാർ- കെസിആർ കൂടിക്കാഴ്ച

Read Next

സ്കൂൾ ഗ്രൗണ്ടിൽ റെയ്സ് നടത്തിയ ആഢംബര കാർ പിടിയിൽ