‘ബിജെപി മുക്ത ഭാരതം’; നാളെ നിതീഷ് കുമാർ- കെസിആർ കൂടിക്കാഴ്ച

ദില്ലി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ബുധനാഴ്ച ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തും. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുമായും കെസിആർ കൂടിക്കാഴ്ച നടത്തും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള നീക്കത്തിന് യോഗം ആക്കം കൂട്ടും. അതുകൊണ്ട് തന്നെ ദേശീയ രാഷ്ട്രീയം യോഗത്തെ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

കശ്മീരിൽ കൊല്ലപ്പെട്ട ബീഹാറിൽ നിന്നുള്ള സൈനികരുടെയും കുടിയേറ്റ തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്യാനാണ് ചന്ദ്രശേഖർ റാവു ബീഹാറിൽ എത്തിയത്. മുഖ്യമന്ത്രിയായ ശേഷമുള്ള റാവുവിന്‍റെ ആദ്യ ബീഹാർ സന്ദർശനമാണിത്. നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് റാവുവിന്‍റെ സന്ദർശനം. നേരത്തെ നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ കെസിആർ ചർച്ച നടത്താൻ ശ്രമിച്ചിരുന്നു.

തേജസ്വി യാദവുമായി വളരെ അടുപ്പമുള്ള നേതാവാണ് കെസിആർ. നേരത്തെ ജെഡിയു ബി.ജെ.പിയിൽ നിന്ന് പുറത്തുപോയതിനെ തുടർന്നുണ്ടായ ബിഹാറിലെ രാഷ്ട്രീയ അട്ടിമറിയിൽ ആർ.ജെ.ഡിയുമായി തന്ത്രങ്ങൾ മെനയുന്നതിൽ കെ.സി.ആർ നിർണായക പങ്കുവഹിച്ചിരുന്നു.

K editor

Read Previous

2021ൽ ഏറ്റവും കൂടുതൽ മനുഷ്യക്കടത്തുകൾ നടന്നത് ഒഡീഷയിൽ

Read Next

ആമ്പർ ഗ്രീസ് പുത്തൂർ ബോസിനെ തിരിച്ചറിഞ്ഞു