ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ആധാർ കാർഡ് പരിശോധിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് മുമ്പ് ജനനത്തീയതി പരിശോധിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് പങ്കാളിയുടെ ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് പ്രായം പരിശോധിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. അതിന്‍റെ ആവശ്യവുമില്ല. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസാണിതെന്ന് സംശയിക്കുന്നു. പരാതിക്കാരിക്ക് വിവിധ രേഖകളിൽ ഒന്നിലധികം ജനനത്തീയതിയുണ്ട്. തെറ്റായ ജനനത്തീയതി കാണിച്ച് തന്നെ കേസിൽ കുടുക്കാനുള്ള നീക്കമാണിതെന്ന പ്രതിയുടെ സംശയം ന്യായമാണ്.
ആധാർ കാർഡിലെ പരാതിക്കാരിയുടെ ജനനത്തീയതി 01.01.1998 ആണ്. അതിനാൽ, സംഭവസമയത്ത് പരാതിക്കാരിക്ക് പ്രായപൂർത്തിയായിരുന്നു. അവരുടെ അക്കൗണ്ടിലേക്ക് വലിയ തുക എത്തിയിട്ടുണ്ട്. ഇത് ഹണി ട്രാപ്പ് കേസാണോ എന്ന് അന്വേഷിക്കണം. വ്യത്യസ്ത ജനനത്തീയതികളും അക്കൗണ്ടിൽ എത്തിയ പണവും അന്വേഷിക്കാൻ കോടതി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഇവർ മറ്റാർക്കെങ്കിലും എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
പ്രതികൾക്ക് 20,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കൃത്യമായ ഇടവേളകളിൽ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം. പ്രതികൾ രാജ്യം വിടരുതെന്നും പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നും ജാമ്യ വ്യവസ്ഥയിൽ കോടതി വ്യക്തമാക്കി.