പൂക്കോയ തങ്ങളും, ഖമറുദ്ദീനും മുങ്ങി സെൽഫോണുകൾ നിശ്ചലം

കാഞ്ഞങ്ങാട് : നൂറുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്വർണ്ണാഭരണ ശാലയുടെ ചെയർമാൻ എം. സി. ഖമറുദ്ദീൻ എംഎൽഏയും, ഈ ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടർ ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങളും മുങ്ങി.

ഇരുവരുടെയും സെൽഫോണുകൾ ഇന്നലെ മുതൽ നിശ്ചലമാണ്. ഖമറുദ്ദീൻ സെൽഫോൺ സൈലൻസ് മൂഡിലാണ്. റിംഗ്ടോൺ കിട്ടുന്നുണ്ട്. സംസാരിക്കുന്നില്ല.  പൂക്കോയയുടെ സെൽഫോൺ നേരത്തെ ഒരു മാസക്കാലം നിശ്ചലമായിരുന്നുവെങ്കിലും, പിന്നീട് സാധാരണ നിലയിലായിരുന്നു. ഖമറുദ്ദീൻ എംഎൽഏയുടെ സെൽഫോൺ സപ്തംബർ 3 മുതലാണ് നിശ്ചലമായത്. ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ഖമറുദ്ദീനെയും, പൂക്കോയ തങ്ങളെയും പ്രതി ചേർത്ത് ഏഴ് കേസ്സുകളാണ് ഇന്നലെ വരെ ചന്തേര പോലീസ് രജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാനിയമം 420, ചതിയും വഞ്ചനയും 406 എന്നീ വകുപ്പുകൾ ചേർത്താണ് ഏഴ് കേസ്സുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഖമറുദ്ദീനെയും പൂക്കോയയേയും അറസ്റ്റ് ചെയ്യാൻ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം മുറുകിയ സാഹചര്യത്തിൽ ഇരുവരും ഇന്നലെ മുതൽ സെൽഫോൺ സ്വിച്ച്ഓഫ് ചെയ്ത ശേഷം മുങ്ങിയതായി പോലീസ് ഉറപ്പാക്കി. ഫാഷൻഗോൾഡ് ചെയർമാനെയും, എം ഡി പൂക്കോയയെയും പ്രതി ചേർത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതറിഞ്ഞ് തട്ടിപ്പിനിരയായ നിക്ഷേപകർ നിത്യവും തെളിവുകളുമായി ചന്തേര പോലീസിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

പയ്യന്നൂർ മുതൽ കാസർകോട് വരെയുള്ള വഞ്ചിക്കപ്പെട്ടവരാണ് പരാതിയുമായി പോലീസിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം 7 കേസ്സുകൾ ഇരുവർക്കുമെതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പയ്യന്നൂരിലും, ചെറുവത്തൂരിലും, കാസർകോട്ടുമുള്ള ഫാഷൻഗോൾഡ് സ്വർണ്ണാഭരണശാലകൾ പൂട്ടിയതിന് ശേഷം, കമ്പനി ചെയർമാൻ എം. സി. ഖമറുദ്ദീന്റെ സെൽഫോൺ മിണ്ടാതാക്കിയത്  ഇതാദ്യമാണ്. 3 ലക്ഷം രൂപ മുതൽ, 3 കോടി രൂപവരെ ഫാഷൻഗോൾഡിൽ മുടക്കി വഞ്ചിതരായവർ നിത്യവും ഖമറുദ്ദീനെ നിരന്തരം വിളിക്കുമ്പോഴെല്ലാം, പണം തിരിച്ചു നൽകാൻ ഓരോ അവധികൾ പറഞ്ഞ് ഖമറുദ്ദീൻ ഒഴിഞ്ഞുമാറുകയായിരുന്നു.

ഏറ്റവുമൊടുവിൽ പണം തിരിച്ചു നൽകാൻ 4 മാസത്തെ അവധിയാണ് ഖമറുദ്ദീൻ നിക്ഷേപകരോട് ആവശ്യപ്പെട്ടത്. അതിനിടയിൽ പോലീസ് വിശ്വാസവഞ്ചനയ്ക്ക് കേസ്സ് രജിസ്റ്റർ ചെയ്തതോടെ എംഎൽഏയുടെയും, പൂക്കോയ തങ്ങളുടെയും പേരിൽ നിയമത്തിന്റെ പിടി  ഒന്നു കൂടി മുറുകുകയും ചെയ്തു.

തൃക്കരിപ്പൂരിൽ ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ എം. സി. ഖമറുദ്ദീൻ എത്തിയില്ല. എംഎൽഏ എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല.

ഫോൺ ബെല്ലടിക്കുന്നുണ്ടെങ്കിലും കോൾ സ്വീകരിക്കുന്നില്ല. പൂക്കോയയുടെ ഫോൺ പൂർണ്ണമായും സ്വിച്ചോഫിലാണ്.

LatestDaily

Read Previous

ഖമറുദ്ദീന്‍ എംഎൽഏ യെ താങ്ങി ലീഗ്, പഴി കോവിഡ് പ്രതിസന്ധിക്ക്

Read Next

അധ്യാപക ദിനം ഓൺലൈനിൽ