രാജ്മോഹൻ ഉണ്ണിത്താനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

കാഞ്ഞങ്ങാട്: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കോൺഗ്രസ് പ്രവർത്തകർ കൊല ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ അപമാനിക്കുന്ന വിധത്തിൽ പരാമർശം നടത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പടന്നക്കാട്ടെ ക്യാമ്പ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

ബുധനാഴ്ച രാത്രി നടന്ന ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെയാണ് കൊല ചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരെ അവഹേളിക്കുന്ന തരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ പരാമർശം നടത്തിയത്. കൊല ചെയ്യപ്പെട്ടവരെ ചത്തവർ എന്ന് വിശേഷിപ്പിച്ച എം.പി. കൊല്ലപ്പെട്ടവർ ഗുണ്ടകളാണെന്നാണ്  ചർച്ചയിൽ ആരോപിച്ചത്.

ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ഡോ. വിപിപി മുസ്തഫ ഉണ്ണിത്താന്റെ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധിച്ചെങ്കിലും, ഇദ്ദേഹം പരാമർശം പിൻവലിക്കുന്നതിന് പകരം വിചിത്രമായ ന്യായീകരണങ്ങളാണ് മുന്നോട്ട് വെച്ചത്.

കേരളത്തിലെവിടെയും  മരണമടഞ്ഞവരെ ചത്തവർ എന്ന് വിശേഷിപ്പിക്കാറില്ലെങ്കിലും, തന്റെ ജില്ലയിൽ അങ്ങിനെയെന്നാണ്  ഉണ്ണിത്താന്റെ ന്യായം. പെരിയ ഇരട്ടകൊലപാതകത്തിന്റെ പേരിൽ വോട്ട് പിടിച്ച് പാർലമെന്റിലെത്തിയ ഉണ്ണിത്താൻ പെരിയയിൽ കൊല ചെയ്യപ്പെട്ടവരെയും ചത്തവർ എന്ന് വിളിക്കുമോയെന്നാണ് എതിർപക്ഷത്തിന്റെ ചോദ്യം.

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയാണ് ഉണ്ണിത്താന്റെ ക്യാമ്പ് ഓഫീസിലേക്ക് ഇന്നലെ വൈകുന്നേരം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി.കെ. നിഷാന്ത് ഉദ്ഘാടനം ചെയ്തു.

LatestDaily

Read Previous

മാണിക്കോത്ത് യുവാക്കൾ പരപ്പയിൽ കുടുങ്ങി കഞ്ചാവ് ലഹരിമൂത്ത് ബൈക്കിൽ പാതിരാകറക്കം

Read Next

കുടകിൽ പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് കാഞ്ഞങ്ങാട്ട് നിന്ന്