ഒടുവിൽ ഐഷാൾ സ്വകാര്യ ആശുപത്രിക്ക് അനുമതി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: അനുമതി പത്രത്തിന് രണ്ടു വർഷക്കാലം നഗരസഭയുമായി നടത്തിയ പോരാട്ടത്തിന് ശേഷം, കാഞ്ഞങ്ങാട്ടെ ഐഷാൾ ആശുപത്രിക്ക് കാഞ്ഞങ്ങാട് നഗരസഭ അനുമതി പത്രം നൽകി. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗമാണ് ആശുപത്രിക്ക് അനുമതി നൽകിയത്.

നോർത്ത് കോട്ടച്ചേരിയിൽ നിന്ന് കിഴക്കുംകരയിലേക്ക് പോകുന്ന റോഡിൽ രണ്ടു വർഷം മുമ്പ് നിർമ്മാണം പൂർത്തിയായ ഐഷാൾ മെഡിസിറ്റി സ്വകാര്യാശുപത്രി പ്രവർത്തനം തുടങ്ങുന്നതിന് നൂലാമാലകൾ ഏറെയായിരുന്നു. സകല നിരാക്ഷേപ പത്രങ്ങളും കരസ്ഥമാക്കി ആശുപത്രിയിൽ 5.9 എച്ച്പി മോട്ടാർ പ്രവർത്തിപ്പിക്കുന്നതിനും ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതിനും, നഗരസഭയ്ക്ക് അപേക്ഷ നൽകിയത് വി.വി. രമേശൻ ചെയർമാനായിരുന്ന നഗര ഭരണകൂടത്തിനാണ്.

നിയമ തടസ്സങ്ങൾ പലതും മുന്നോട്ടുവെച്ച് നഗരസഭ ആശുപത്രിക്ക് അനുമതി നിഷേധിച്ചതോടെ ആശുപത്രി ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയും, ആശുപത്രിക്കനുകൂലമായ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിനിടയിൽ ഈ ആശുപത്രിക്ക് അനുമതി പത്രം നൽകാൻ നഗരഭരണത്തിലുള്ള ഒരു ജനപ്രതിനിധി 15 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ട സംഭവം നഗരഭരണം കൈയ്യാളുന്ന സിപിഎമ്മിൽ വലിയ പൊട്ടിത്തെറിക്ക് ഇടവരുത്തി.

നഗരഭരണത്തിന്റെ ചുമതലയിലുള്ളവർ കോഴപ്പണം 15 ലക്ഷത്തെച്ചൊല്ലി രണ്ടു വിഭാഗങ്ങളായി കൊമ്പു കോർക്കുകയും ചെയ്തു. ഇതുമൂലം കെ.വി. സുജാത ഭരണത്തിൽ ആശുപത്രി അനുമതി വീണ്ടും മാസങ്ങളോളം, നീണ്ടു പോയപ്പോൾ, ആശുപത്രി അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി ആശുപത്രിക്ക് അനുമതി നൽകാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

ഗർഭാശയ രോഗ വിദഗ്ധൻ കാഞ്ഞങ്ങാട്ടെ എം.ഏ. നിസാറിന്റെ അപേക്ഷ അംഗീകരിച്ച് ഇന്നലെ ചേർന്ന കൗൺസിലാണ് ആശുപത്രിക്ക് അനുമതി നൽകാൻ തീരുമാനിച്ചത്. അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയാണ് നോർത്ത് കോട്ടച്ചേരിയിൽ സ്ഥലം വാങ്ങി ആശുപത്രി സ്ഥാപിക്കാൻ നാലുനിലക്കെട്ടിടം പണിതത്.

അനുമതി പത്രം ലഭിച്ചതിനാൽ ഐഷാൾ ആശുപത്രി എത്രയും പെട്ടെന്ന് ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് പങ്കാളികൾ. നിരവധി ഡോക്ടർമാരും ഗൾഫ് വ്യവസായ പ്രമുഖൻ ലത്തീഫ് ഉപ്പള ഗെയിറ്റും ഈ ആശുപത്രി ഭരണസമിതിയിലുണ്ട്. പുറമെ കാഞ്ഞങ്ങാട്ടെ പത്തോളം ഡോക്ടർമാരുമുണ്ട്.

LatestDaily

Read Previous

ഭാഷയുടെ പേരിൽ അധ്യാപകനെ മർദ്ദിച്ചു 

Read Next

മരക്കൊമ്പ് ദേഹത്ത് വീണ് റിട്ട. എസ് ഐ മരിച്ചു