ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സിനിമകളുടെ പ്രമേയം, അവതരണ ശൈലി, രാഷ്ട്രീയം എന്നിവയിലൂടെ തമിഴ് ചലച്ചിത്രരംഗത്ത് തന്‍റേതായ ഇടം നേടിയ സംവിധായകനാണ് പാ. രഞ്ജിത്ത്. മലയാള സിനിമയോടുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് അദ്ദേഹം നിരവധി തവണ സംസാരിച്ചിട്ടുണ്ട്. തന്‍റെ പുതിയ ചിത്രമായ നച്ചത്തിരം നഗർഗിറതിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തിയ രഞ്ജിത്ത് മലയാള സിനിമകളെ കുറിച്ചും സംസാരിച്ചു.
മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് പാ. രഞ്ജിത്ത് പറഞ്ഞു. മലയാളികൾ വളരെ ലളിതമായ രീതിയിലാണ് സിനിമകൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘മലയാളത്തേയും തമിഴിനേയും ഒന്നായിട്ടാണ് ഞാൻ കാണുന്നത്. ഞാനിവിടെ വന്ന് തമിഴിൽ സംസാരിച്ചിട്ടും നിങ്ങൾക്ക് മനസിലാവുന്നു. തമിഴിൽ സിനിമയെടുത്തിട്ട് മലയാളികൾക്ക് മനസിലാവുന്നു’. അത് വലിയൊരു കാര്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമകളോട് താൽപര്യമുണ്ട്. സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ‘പട’ എന്ന സിനിമ. സിനിമ എനിക്കിഷ്ടപ്പെട്ടതിന്‍റെ കാരണം അതിന് വളരെ ലളിതമായ ഒരു പ്രമേയമുള്ളതുകൊണ്ടാണ്. നിലത്തേക്കുറിച്ച് സംസാരിക്കുന്ന സിനിമയാണത്. രാഷ്ട്രീയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകളുമില്ലാതെയാണ് പട എടുത്തിരിക്കുന്നത്. ആ സിനിമയിലാകെ സത്യസന്ധത പരന്നുകിടക്കുകയാണ്. കമ്മട്ടിപ്പാടവും ഈ മ യൗവുമെല്ലാം ഇഷ്ടസിനിമകളാണ്.” പാ. രഞ്ജിത് പറഞ്ഞു.