പാളങ്ങളിൽ ഇരിക്കുന്നവർ നിരീക്ഷണത്തിൽ 

വിവിധ ഇടങ്ങളിൽ റെയിൽ പാളത്തിൽ കല്ലും ഇരുമ്പ് പാളികളും കണ്ട സാഹചര്യങ്ങളിലാണ് ആർപിഎഫ് നിരീക്ഷണം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : റെയിൽപ്പാളങ്ങളോടനുബന്ധിച്ചുള്ള കലുങ്കുകൾക്കരികിലും പാലങ്ങൾക്ക് സമീപവും സ്ഥിരമായി ഇരിക്കുന്നവരെ റെയിൽ സുരക്ഷാ വിഭാഗം നിരീക്ഷിക്കുന്നു. ഇത്തരക്കാരെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ റെയിൽവെ സുരക്ഷാ വിഭാഗം ശേഖരിച്ചു വരുന്നുണ്ട്.  ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള റെയിൽപ്പാളങ്ങളിൽ  ഇരുമ്പുപാളികളും കല്ലുകളും കണ്ടസംഭവം അന്വേഷിക്കുന്ന റെയിൽ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം റെയിൽ പാളത്തിലെ ഇരുമ്പ് ദണ്ഡുകൾ, കല്ലുകൾ എന്നിവ കൊണ്ടിടുന്നതും  ട്രെയിനുകൾക്കുനേരെ കല്ലെറിയുന്നതും സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

പാളങ്ങൾക്കരികിൽ കളിക്കുന്ന കുട്ടികളാണ് ഇതെല്ലാം പാളത്തിൽ കൊണ്ടിടുന്നതെന്ന് സൂചനയുണ്ടായെങ്കിലും അട്ടിമറി സാധ്യത കൂടി കണക്കിലെടുത്താണ്  അന്വേഷണം നടത്തുന്നത്. കുട്ടിക്കളിയുടെ ഗൗരവം ബോധ്യപ്പെടുത്താൻ കഴിഞ്ഞ ദിവസം ബേക്കൽ ഗവ: ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിൽ റെയിൽവെ പോലീസ് ബോധവൽക്കരണം നടത്തിയിരുന്നു. റെയിൽ പാളത്തിന് സമീപമുള്ള മറ്റു വിദ്യാലയങ്ങളിലും കുട്ടികളിൽ ബോധവൽക്കരണം നടത്തും.  അതേസമയം റെയിൽ പാളങ്ങൾക്കരികിൽ വൈകുന്നേരങ്ങളിൽ  ഇരിക്കുന്നവരെ നിരീക്ഷിക്കുന്നതിലൂടെ പാളങ്ങൾക്കരികിൽ എത്തുന്നവരെക്കുറിച്ചുള്ള  വിവരങ്ങൾ ശേഖരിക്കാനാണ് അത്തരക്കാരെ നിരീക്ഷണം നടത്തുന്നത്.

ആർ.പി.എഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ ജെതിൻ ബി. രാജ്, സർക്കിൾ  ഇൻസ്പെക്ടർ എം. മുഹമ്മദ്  അക്ബർ, എസ്. ഐ,  പി. കെ. കദ്രേഷ് ബാബു, ബി.കെ. ബിനോയ്, എന്നിവരുൾപ്പെട്ട സംഘമാണ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. റെയിൽവെ പ്ളാറ്റ് ഫോമുകളിലും പാളത്തിലും കല്ലുകളും ഇരുമ്പുകളും വടികളും കണ്ടെത്തിയ കോട്ടിക്കുളം, തളങ്കര, കുമ്പള ഭാഗങ്ങളിലും പള്ളിക്കര അജാനൂർ പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി.

കഴിഞ്ഞ ശനിയാഴ്ച കോട്ടിക്കുളത്ത് ഇരുമ്പ് ദണ്ഡുകൾ പാളത്തിൽ കയറ്റിവെച്ച നിലയിൽ കണ്ടെത്തിയിരുന്നു. ട്രെയിൻ കടന്നുപോകുന്നതിന് മുമ്പേ ഇരുമ്പ് ദണ്ഡുകൾ ശ്രദ്ധയിൽപ്പെട്ട് മാറ്റിയതിനാലാണ് അപകടം ഒഴിവായത്.  ചിത്താരി ഭാഗത്ത് നിന്നാണ് കഴിഞ്ഞ ദിവസം മംഗളൂരു ഫാസ്റ്റ് പാസഞ്ചറിന് നേരെ കല്ലേറുണ്ടായത്.

Read Previous

‘അകാലചരമമല്ല സ്വാഭാവിക മരണമാണ് സംഭവിക്കുന്നത്’;കെ. സുരേന്ദ്രൻ

Read Next

നാടുവിട്ട ഫര്‍ണിച്ചര്‍ കമ്പനി ദമ്പതികളെ കണ്ടെത്തി