അവർ കരിദിനം വീട്ടിൽ ആചരിച്ചു

കാഞ്ഞങ്ങാട്:  പാർട്ടിയുമായി അകന്നു നിൽക്കുന്ന സിപിഎം കുടുംബം ഇന്നലെ നടന്ന കരിദിനം സ്വന്തം  വീട്ടു വരാന്തയിൽ അചരിച്ചു.

അതിയാമ്പൂരിലെ പി. ലീല -ബല്ലാ രാജൻ ദമ്പതികളാണ് സിപിഎം ഇന്നലെ ആഹ്വാനം  ചെയ്ത കരിദിനം അതിയാമ്പൂരിലുള്ള സ്വന്തം വീട്ടു വരാന്തയിൽ ചെഹ്കൊടി മുറുകെപ്പിടിച്ച് ആചരിച്ചത്. വെഞ്ഞാറമ്മൂടിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ ഛായാചിത്രം ഉയർത്തിപ്പിടിച്ചാണ് ദമ്പതികൾ കരിദിനമാചരിച്ചത്.

2000 മുതൽ 2018 വരെ പാർട്ടി എൽസിയംഗവും നഗരസഭാ കൗൺസിലറുമയിരുന്ന പി. ലീലയും, എൽസി അംഗമായിരുന്ന ബല്ല രാജനും 2019- മുതൽ പാർട്ടിയുമായി അകന്നു കഴിയുകയാണ്.

ലീലയെ 2019-ൽ അതിയാമ്പൂരിലെ പാർട്ടി പ്രവർത്തകൻ ആൽബർട്ടിന്റെ മകൻ കുഞ്ഞുണ്ണി കസേരകൊണ്ടടിച്ച സംഭവത്തിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഈ കുടുംബം ഇപ്പോഴും പാർട്ടിയുമായി സമദൂരത്തിൽ കഴിയുന്നത്.

ലീലയെ അടിച്ച കുഞ്ഞുണ്ണിയെ പാർട്ടിയിൽ നിന്ന് 6 മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. ലീലയുടെ പരാതിയിൽ പേലീസ്  ജാമ്യമില്ലാക്കുറ്റം ചുമത്തി കുഞ്ഞുണ്ണിയുടെ പേരിൽ കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. കുഞ്ഞുണ്ണിക്ക് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കരസ്ഥമാക്കാൻ അതിയാമ്പൂര് വാർഡ് കൗൺസിലറും, നഗരസഭ ചെയർമാനുമായ വി.വി. രമേശൻ ഇടപെട്ടുവെന്ന ആരോപണം അന്നു തന്നെ ലീല-രാജൻ ദമ്പതികൾ ഉന്നയിച്ചിരുന്നു.

മദ്യലഹരിയിൽ പട്ടാപ്പകൽപോലും, പലരേയും വെറുതെ കളിയാക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യാറുള്ള  കുഞ്ഞുണ്ണിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന്  ലീല-രാജൻ ദമ്പതികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കുഞ്ഞുണ്ണി 6 മാസ സസ്പെൻഷൻ കഴിഞ്ഞതോടെ വീണ്ടും പാർട്ടിയിലെത്തുകയും ചെയ്തു.

നഗരസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ലീല-രാജൻ ദമ്പതികളുടെ പാർട്ടിയുമായുള്ള സമദൂരം വിഷയമാകാനിടയുണ്ട്.

ലീല-രാജൻ ദമ്പതികളുടെ  ഇരുപതംഗങ്ങളുള്ള കുടുംബം  തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാനാണ് സാധ്യത. കലഹപ്രിയൻ കുഞ്ഞുണ്ണിയുടെ പിതാവ് ആൽബർട്ട് സജീവ പാർട്ടി പ്രവർത്തകനാണ്. കുഞ്ഞുണ്ണിക്കെതിരായ കേസ്സ് പിൻവലിക്കാൻ പാർട്ടി ലീലയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ലീല കേസ്സുമായി മുന്നോട്ടു പോകുകയാണ്. 

സ്ത്രീയെ പൊതുസ്ഥലത്ത് മർദ്ദിച്ച കേസ്സിലെ പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ കേസ്സ് പിൻവലിക്കാമെന്ന നിർദ്ദേശമാണ് ലീല മുന്നോട്ട് വെച്ചതെങ്കിലും പാർട്ടി കുഞ്ഞുണ്ണിയെ പുറത്താക്കിയില്ല. കുഞ്ഞുണ്ണി ഇപ്പോഴും പാർട്ടിയിലുണ്ട്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് മാനേജരെ ചോദ്യം ചെയ്തു

Read Next

ഉദുമ കിഴക്കേക്കരയിൽ പോലീസിന് നേരെ അക്രമം