ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ സ്വർണ്ണാഭരണശാലകൾക്ക് ഏറെ പ്രിയം കാഞ്ഞങ്ങാട് പട്ടണത്തോട്. നിലവിൽ കാഞ്ഞങ്ങാട്ട് പ്രവർത്തിക്കുന്ന സുൽത്താൻ ഗോൾഡ്, മലബാർ ഗോൾഡ്, ദീപാ ഗോൾഡ്, ഗോകുലം ഗോൾഡ്, ഗിരിജാ ഗോൾഡ്, ജോസ്കോ ജ്വല്ലറി, മിനാർ ഗോൾഡ് തുടങ്ങിയ സ്വർണ്ണാഭരണശാലകൾക്ക് പുറമെ പുതുതായി അഞ്ച് ജ്വല്ലറികൾ കാഞ്ഞങ്ങാട്ട് പ്രവർത്തനം തുടങ്ങാനിരിക്കുകയാണ്.
ബോബി ചെമ്മണൂർ ജ്വല്ലറി ആഗസ്ത് 31 ന് കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യും. അജാനൂർ തെക്കേപ്പുറത്ത് സ്വന്തം കെട്ടിടത്തിലാണ് ബോബി ചെമ്മണൂർ സ്വർണ്ണാഭരണശാല ആരംഭിക്കുന്നത്. ഉപ്പളയിൽ വേരുകളുള്ള മെട്രോ ഗോൾഡ് കഴിഞ്ഞാഴ്ച നോർത്ത് കോട്ടച്ചേരിയിൽ പ്രവർത്തനമാരംഭിച്ചു.
പുതുമന ഗോൾഡും, ലാൻഡ് മാർക്ക് ജ്വല്ലറിയും കാഞ്ഞങ്ങാട്ട് ഉദ്ഘാടനം കാത്തു കഴിയുകയാണ്. കണ്ണേഴത്ത് ഗോൾഡ് അടക്കം ചെറുകിട ജ്വല്ലറികൾ മൂന്നെണ്ണം വേറെയും നഗരത്തിലുണ്ട്. അന്യദേശ ജ്വല്ലറികൾ കൂട്ടത്തോടെ കാഞ്ഞങ്ങാട്ടേക്ക് പലായനം ചെയ്യാനുള്ള കാരണങ്ങൾ പലതാണ്.
ഒന്ന്: സ്വർണ്ണാഭരണ പ്രേമികളായ സ്ത്രീകൾ ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാഞ്ഞങ്ങാട്. ആറു മാസം കൂടുമ്പോൾ സ്വന്തം സ്വർണ്ണാഭരണങ്ങൾ പുതുക്കി വാങ്ങുകയെന്ന ശീലം കാസർകോടിനേക്കാൾ കാഞ്ഞങ്ങാടിനാണ്. മുസ്ലിം സ്ത്രീകളിലാണ് ഈ സ്വർണ്ണക്കമ്പം ഏറെയുമുള്ളത്. അതുകൊണ്ടു തന്നെ പുത്തൻ ശ്രേണിയിലുള്ള ആഭരണങ്ങൾ നാൾക്കുനാൾ വിപണിയിലിറക്കുന്നതിൽ ജ്വല്ലറികൾ കടുത്ത മത്സരത്തിലാണ്.
രണ്ട്: പഴയ സ്വർണ്ണം നൽകി പുതുപുത്തൻ ആഭരണങ്ങൾ സ്വന്തമാക്കുന്നതിലും കാഞ്ഞങ്ങാട്ടെ സ്വർണ്ണാഭരണ പ്രേമികളായ സ്ത്രീകൾ മുൻനിരയിലാണ്. കാഞ്ഞങ്ങാട്ട് ജ്വല്ലറികൾ സ്ഥാപിക്കുകയും, ഇടപാടുകാരിൽ നിന്ന് വൻതുക നിക്ഷേപങ്ങൾ സ്വീകരിക്കുകയും സുപ്രഭാതത്തിൽ മുങ്ങുകയും ചെയ്ത ജ്വല്ലറികളായ കല്ലറയ്ക്കൽ ഗോൾഡും അറഫ ജ്വല്ലറിയും ഫാഷൻ ഗോൾഡും വഞ്ചിച്ച നൂറ് കണക്കിന് ഇടപാടുകാരുള്ള നാടും കാഞ്ഞങ്ങാടാണ്. നൂറ് കോടി രൂപയുടെ നിക്ഷേപവുമായാണ് ഫാഷൻ ഗോൾഡ് ഉടമകൾ മുങ്ങിയത്. ലക്ഷങ്ങൾ ഫാഷൻ ഗോൾഡിൽ മുടക്കിയ ഇടപാടുകാരുടെ കണ്ണീര് ഇനിയും തോർന്നിട്ടില്ല.
റൊക്കം നൽകിയ ലക്ഷങ്ങൾ വരുന്ന നിക്ഷേപത്തുക തിരിച്ചുകിട്ടാൻ ഇക്കഴിഞ്ഞ ദിവസവും ഫാഷൻഗോൾഡ് ഉടമകളായ ചന്തേരയിലെ ദിവ്യൻ ടി.കെ. പൂക്കോയ തങ്ങളുടെയും മുസ്ലിംലീഗ് മുൻ എംഎൽഏ, പടന്ന എടച്ചാക്കൈയിലെ എം.സി. ഖമറുദ്ദീന്റെയും വീടുകളിലേക്ക് ഇക്കഴിഞ്ഞ ദിവസവും നിക്ഷേപകർ മാർച്ച് നടത്തിയെങ്കിലും, ഇതുവരെ നടത്തിയ പ്രതിഷേധ മാർച്ചുകളെല്ലാം താളിന് പുറത്തുവീണ വെള്ളം പോലെ നിഷ്പ്രഭമാണ്. ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ്സുകൾ മുഴുവൻ കോടതികളിലെ ചുവപ്പ് നാടയിൽ കെട്ടിക്കിടക്കുകയാണ്.
ജ്വല്ലറികളിലെ അലമാരകളിൽ കണ്ണഞ്ചിപ്പിക്കുന്ന വിധം സ്വർണ്ണാഭരണങ്ങൾ പ്രദർശിപ്പിച്ച് ഇടപാടുകാരെ ആകർഷിക്കുകയും, കോടികൾ വരുന്ന പണം നിക്ഷേപമായി സ്വീകരിച്ച് ഒരു നാൾ ജ്വല്ലറികൾ പൂട്ടി ഉടമകൾ മുങ്ങുന്ന നാടു കൂടിയാണ് കാസർകോട് ജില്ല. മുങ്ങിയ ഉടമകളാകട്ടെ യാതൊരു അലോസരവുമില്ലാതെ നാട്ടിൽ സ്വൈര്യവിഹാരം നടത്തുന്ന കാഴ്ചയും കാസർകോടിന്റെ മാത്രം പ്രത്യേകതയാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് അന്യദേശങ്ങളിൽ വേരുകളുള്ള സ്വർണ്ണാഭരണ ശാലകൾ കൂട്ടത്തോടെ കാഞ്ഞങ്ങാട് നഗരത്തിൽ കോടികൾ മുടക്കി രംഗപ്രവേശനത്തിന് ഒരുങ്ങി നിൽക്കുന്നത്. ഉപ്പളയിൽ വേരുള്ള മെട്രോ ഗോൾഡ് എന്തിന് കാഞ്ഞങ്ങാട്ട് ഷോറൂം തുടങ്ങിയെന്ന് ജനങ്ങൾ സംശയത്തോടെ ചോദിക്കുന്നു. ഇടപാടുകാർക്ക് കോടികളുടെ ബാധ്യതകൾ വരുത്തിവെച്ച് മുങ്ങിയ അറഫാ ഗോൾഡ് ഉടമ അതിഞ്ഞാലിലെ ഷാഫി ഹാജി ഇപ്പോഴും കോമ്പത്തൂരിൽ ഒളിവുജീവിതം നയിക്കുന്നു.
ഹാജിയുടെ തെക്കേപ്പുറത്തുള്ള ഇരുനില മണിമന്ദിരം ബാങ്ക് സീൽ ചെയ്തിരിക്കുകയാണ്. അറഫാ ഗോൾഡ് ദീർഘകാലം പ്രവർത്തിച്ചിരുന്ന ശോഭിക വെഡ്ഡിംഗ് മാളിന് എതിർവശത്തുള്ള അതേ മുറികളിലാണ് പുതിയ ലാൻഡ് മാർക്ക് ജ്വല്ലറി ആരംഭിക്കുന്നത്. കണ്ണൂർ – കോഴിക്കോട് വിമാനത്താവളങ്ങളിൽ ഇറക്കുന്ന അനധികൃത സ്വർണ്ണത്തിൽ മുക്കാൽ ഭാഗവും എത്തിച്ചേരുന്നത് കാസർകോട് ജില്ലയിലേക്കാണ്.