എയ്‌ഡഡ്‌ ഹോമിയോ കോളേജ് സീറ്റ് തർക്കം; സർക്കാരിനെതിരെ എൻഎസ്എസ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ 15% മാനേജ്മെന്‍റ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിൽ സർക്കാർ ഇടപെടലിന് വഴിയൊരുക്കുന്ന നിയമഭേദഗതിയെ എതിർത്ത് എൻഎസ്എസ് സുപ്രീം കോടതിയിൽ. 2017ൽ പാസാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയെ ചോദ്യം ചെയ്താണ് എൻഎസ്എസ് ഹർജി നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ എയ്ഡഡ് കോളേജുകളെയും അൺ എയ്ഡഡ് കോളേജുകളെയും തുല്യമായി പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

എൻഎസ്എസ് ജനറൽ സെക്രട്ടറിയും സചിവോത്തപുരം എൻ.എസ്.എസ്. ഹോമിയോ കോളേജിന്റെ ചെയർമാനുമായ ജി സുകുമാരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയിലെ സെക്ഷൻ 2 (പി) വകുപ്പാണ് എൻഎസ്എസ് ചോദ്യം ചെയ്തത്.

ഭേദഗതി പ്രകാരം 15 ശതമാനം മാനേജ്മെന്‍റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന ഫീസ് നിർണയ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ രേഖകളും മറ്റും പരിശോധിക്കാൻ സമിതിക്ക് അധികാരമുണ്ടാകും. എന്നാൽ എയ്ഡഡ് കോളേജുകളിലെ 15 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനത്തിനു മേൽ തങ്ങൾക്ക് പൂർണ അധികാരമുണ്ടെന്നാണ് എൻഎസ്എസ് നിലപാട്. എയ്ഡഡ് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്‍റ് ക്വാട്ട പ്രവേശനത്തിന് നിയന്ത്രണം കൊണ്ടുവരുന്നത് ടിഎംഎ പൈ കേസിലെ വിധിയുടെ ലംഘനം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എൻ.എസ്.എസിന്റെ ഹർജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

എൻഎസ്എസ് നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സർക്കാർ ധനസഹായത്തോടെയുള്ള എയ്ഡഡ് മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടിക്രമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.

K editor

Read Previous

ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

Read Next

പ്രവാചക നിന്ദ; ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എല്‍.എ വീണ്ടും അറസ്റ്റില്‍