സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട് : സംസ്ഥാനത്ത് ഓണത്തിരക്കായെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും ഓണമാഘോഷിക്കാൻ മലബാറിലെത്തുന്ന മലയാളികൾക്ക് സ്പെഷ്യൽ ട്രെയിനുകൾ ഇതേവരെയായി അനുവദിച്ചില്ല.
ഒരുമാസം മുമ്പ് തന്നെ സാധാരണ ട്രെയിനുകളിലേക്കുള്ള ഓണക്കാലത്തെ റിസർവ്വേഷൻ പൂർത്തിയായിരുന്നു. സ്പെഷ്യൽ ട്രെയിനുകൾ മലബാർ ഭാഗത്തേക്കില്ലാത്തത് ഇതര സംസ്ഥാന മലയാളികൾക്ക് തിരിച്ചടിയായി. ഒരു സ്പെഷ്യൽ ട്രെയിൻ മാത്രമാണ് ചെന്നൈക്കും മംഗളൂരുവിനുമിടയിൽ ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.
സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെന്നൈയിലെ താംബരത്ത് നിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ പിറ്റെ ദിവസം പുലർച്ചെ 6.45 ന് മംഗളൂരുവിലെത്തും ഓണാവധിക്ക് കേരളത്തിന് മാത്രമായി ഒരു സ്പെഷ്യൽ ട്രെയിനും ഇതേവരെ അനുവദിച്ചിട്ടില്ല.
തിരുവന്തപൂരത്തും എറണാകുളത്തും തൃശ്ശൂരിലും മറ്റുമായി മലബാറിന് പുറത്ത് ജോലി നോക്കുന്ന ഒട്ടേറെ മലയാളികളുണ്ട്. തിരുവന്തപൂരത്തിനും മംഗളൂരുവിനുമിടയിൽ നിലവിൽ എട്ട് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. ഈ ട്രെയിനുകളിലെ റിസർവ്വേഷൻ ഒരു മാസം മുമ്പേ പൂർത്തിയായിക്കഴിഞ്ഞു. കൂടുതൽ ട്രെയിനുകൾ അനുവദിച്ചില്ലെങ്കിൽ ഒട്ടേറെ പേരുടെ യാത്ര മുടങ്ങും. ഇവരുടെ ഓണാഘോഷത്തിന് കുടുംബത്തിനൊപ്പം ചേരുക അസാധ്യമായിത്തിരും.
അതേ സമയം തെക്കൻ ജില്ലകളിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചപ്പോൾ മലബാറിന് തീർത്തും അവഗണന തന്നെയാണ്. അതിനിടെ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതും മലബാറുകാർക്ക് തിരിച്ചടിയായി. ചെന്നൈ താംബരത്ത് നിന്ന് മംഗളൂരുവിലേക്ക് അനുവദിച്ച ഏക സ്പെഷ്യൽ ട്രെയിനാണ് ഭാഗികമായെങ്കിലും മലബാറുകാർക്ക് കിട്ടിയ ഏക സ്പെഷ്യൽ ട്രെയിൻ.