ഹണിട്രാപ്പ് പ്രതി മുകേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും

സ്റ്റാഫ് ലേഖകൻ

നീലേശ്വരം: പ്രമാദമായ ഹണിട്രാപ്പ് കേസ്സിൽ ഒന്നാം പ്രതി മുകേഷിനെ 35, ചന്തേര പോലീസ് കസ്റ്റഡിയിൽ വാങ്ങും. ജാമ്യമില്ലാക്കേസ്സിലെ മറ്റ് മൂന്ന് പ്രതികളും സെൽഫോൺ ഓഫ് ചെയ്ത് ഒളിവിലാണ്. മുകേഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താനുണ്ട്.

കേസ്സിൽ ഹണിട്രാപ്പിൽ കുടുങ്ങി 16,500 രൂപയും സ്വന്തം സെൽഫോണും, ഡ്രൈവിംഗ് ലൈസൻസും മാരുതി കാറും നഷ്ടപ്പെട്ട പരാതിക്കാരൻ നീലേശ്വരത്തെ ശൈലേഷ് അമ്പാടിയുടെ 42, പരാതിയിൽ ആരോപിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനും നിജസ്ഥിതി മനസ്സിലാക്കി കേസ്സന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുമാണ് ഒന്നാം പ്രതി മുകേഷിനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.

ശൈലേഷ് അമ്പാടിയുടെ ആരോപണങ്ങളിൽ എത്രമാത്രം സത്യമുണ്ടെന്ന് കണ്ടെത്തുകയും വേണം. മുകേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും  ഹണിട്രാപ്പ് ഒരുക്കിയ യുവതി അഴിത്തലയിലെ വിദ്യയെ 29, പോലീസ് ചോദ്യം ചെയ്യുക. ഈ സംഭവം ഹണിട്രാപ്പ് തന്നെയാണെന്ന് ഉറപ്പിക്കാൻ വിദ്യയേയും പ്രതി മുകേഷിനെയും ചോദ്യം ചെയ്യണം.

പ്രതി മുകേഷ് ക്വട്ടേഷൻ നേതാവാണെന്ന് അടുത്ത കാലത്ത് നടന്ന രണ്ട് ക്വട്ടേഷൻ സംഭവങ്ങളിൽ വ്യക്തമായിട്ടുണ്ട്. അതിനിടയിൽ ഈ കേസ്സിലെ പ്രതി അഴിത്തലയിലെ ചെണ്ടവാദ്യ പരിശീലകനും ഹണിട്രാപ്പ് ഒരുക്കിയ യുവതി വിദ്യയുടെ ഭർത്താവുമായ അഴിത്തലയിലെ ഹരീഷ് ഒളിവിലിരുന്ന് കേസ് ഒതുക്കിത്തീർക്കാനുള്ള നീക്കങ്ങൾക്ക് കരുക്കൾ നടത്തിവരികയാണ്.

ഇതിനുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ആദ്യപടി സൂചനയാണ് വിദ്യ കഴിഞ്ഞ ദിവസം ശൈലേഷ് അമ്പാടിക്കെതിരെ പയ്യന്നൂർ പോലീസിൽ നൽകിയ പരാതി. ശൈലേഷ് തന്നെ കാറിൽ പയ്യന്നൂരിൽ കൊണ്ടുപോയി ഉപദ്രവിച്ചുവെന്ന് മാത്രമെഴുതിയ പരാതിയാണ് വിദ്യ പയ്യന്നൂർ പോലീസിന് നൽകിയത്.

കേസ്സുമായി മുന്നോട്ട് പോയാൽ, ശൈലേഷിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകുമെന്ന സൂചന വിദ്യയുടെ ഭാഗത്ത് നിന്ന് നേരിട്ടല്ലാതെ ശൈലേഷിന് ലഭിച്ചിട്ടുണ്ട്. എന്നാൽ വിദ്യയുടെ ഈ ഭീഷണിക്ക് മുന്നിൽ വഴങ്ങിക്കൊടുക്കാൻ ശൈലേഷ് തയ്യാറല്ല.ശൈലേഷ്, തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വിദ്യ പോലീസിൽ നൽകിയാൽ ഉറപ്പായും പോലീസിന് ശൈലേഷിനെ പ്രതി ചേർത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടിവരും.

പുതിയ സുപ്രീംകോടതി നിർദ്ദേശമനുസരിച്ച് പീഡിപ്പിച്ചുവെന്ന് സ്ത്രീ പറഞ്ഞാൽ തന്നെ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. സാക്ഷികളുടെ  പോലും ആവശ്യം നിലവിൽ ലൈംഗിക പീഡന പരാതികളിൽ ആവശ്യമില്ല.

ഭർത്താവ് ഹരീഷും ജയിലിലുള്ള പ്രതി മുകേഷും, കൂട്ടുപ്രതികളായ ദാമോദരനും ശ്രീജിത്തും ഒരുക്കിയ ഹണിട്രാപ്പ് സംഭവത്തിൽ ശൈലേഷിനെ വശീകരിച്ച്  കാറിൽ തനിച്ച് പയ്യന്നൂരിലേക്ക് കൊണ്ടുപോയ വിദ്യ പ്രതികളെ രക്ഷപ്പെടുത്താനും, ശൈലേഷ് അമ്പാടിയുടെ കേസ് അട്ടിമറിക്കാനും ഒരു പീഡന പരാതി പോലീസിൽ നൽകില്ലെന്ന് ഇന്നത്തെ സാഹചര്യത്തിൽ പറയാനാവില്ല.

LatestDaily

Read Previous

മീഡിയ വണ്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു

Read Next

ഭാര്യയെ ചുട്ടുകൊല്ലാൻ ശ്രമിച്ച ഓട്ടോഡ്രൈവർ ലഹരിക്കടിമ