ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നൂറുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ ശാലയ്ക്ക് എതിരെ പോലീസിന്റെ മുന്നിൽ തെളിവുകൾ ധാരാളം.
കമ്പനി നിയമമനുസരിച്ച് റജിസ്ട്രാർ ഓഫ് കമ്പനീസിൽ റജിസ്റ്റർ ചെയ്ത് 2013 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്.
ഈ കമ്പനിയിൽ നിക്ഷേപമായി പണം മുടക്കിയവർക്ക് സ്വർണ്ണാഭരണ ശാല കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് നൽകേണ്ടതിന് പകരം, നൂറു രൂപയുടെ മുദ്രപ്പത്രത്തിൽ 6 ലക്ഷം രൂപ കൈപ്പറ്റിയെന്ന് എഴുതിക്കൊടുത്തത് തന്നെ, ഫാഷൻ ഗോൾഡ് ചെയർമാൻ എം.സി. ഖമറുദ്ദീനും, മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയയ്ക്കും എതിരെയുള്ള വലിയ തെളിവാണ്.
കമ്പനിയിൽ പണം നിക്ഷേപിക്കണമെങ്കിൽ, കമ്പനി റജിസ്ട്രാറുടെ പ്രത്യേക അനുമതി നിർബ്ബന്ധമാണ്.
ഫാഷൻ ഗോൾഡ് ഉടമകൾ, മേൽ ചട്ടം പാലിക്കാതെയാണ് പലരിൽ നിന്നും ലക്ഷങ്ങളും മൂന്നുകോടി രൂപ വരെയുള്ള പണം കൈക്കലാക്കിയിട്ടുള്ളത്.
ഇതിന് പുറമെ ഫാഷൻ ഗോൾഡിൽ ലാഭവിഹിതം പ്രതീക്ഷിച്ച് ഇടപാടുകാർ നിക്ഷേപിച്ച പണം മുഴുവൻ റൊക്കം പണമായിട്ടാണ് ജ്വല്ലറിയുടമകൾക്ക് നൽകിയതും, അവർ സ്വീകരിച്ചതും.ഇതും കമ്പനി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ചെക്കായോ, ബാങ്ക് കൈമാറ്റമായോ മാത്രമേ കമ്പനി സ്ഥാപനങ്ങൾ പണം സ്വീകരിക്കാൻ പാടുള്ളുവെന്നതും, മറ്റൊരു കർശന നിയമമാണ്.
കള്ളപ്പണം വെളുപ്പിക്കാൻ നിക്ഷേപകർ പണം കമ്പനികളിൽ നിക്ഷേപിക്കാതിരിക്കാനാണ് ബാങ്ക് വഴി മാത്രമുള്ള ഇടപാടുകൾക്ക് കമ്പനിയുടെ കർശ്ശന നിർദ്ദേശം.
3 ലക്ഷം മുതൽ 3 കോടി രൂപവരെ ഈ രീതിയിൽ ഖമറുദ്ദീനും, പൂക്കോയയും റൊക്കം പണം സ്വീകരിച്ചതിനുള്ള തെളിവുകൾ ഇന്നലെ പോലീസിലെത്തിയ പരാതിക്കാർ തന്നെ പുറത്തു വിട്ടിട്ടുണ്ട്. കമ്പനി അക്കൗണ്ടിലേക്ക് കള്ളപ്പണം സ്വീകരിച്ചുവെന്ന് തെളിഞ്ഞാൽ, അത് ദേശീയ അന്വേഷണ ഏജൻസി (എൻഐഏ) അന്വേഷിക്കേണ്ട കുറ്റകൃത്യമാണ്. എൻഫോഴ്്സ്മെന്റിനും അന്വേഷണത്തിവിടപെടാം.
ചതി, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങൾ ചേർത്താണ് ഫാഷൻ ഗോൾഡ് ചെയർമാൻ എം.സി. ഖമറുദ്ദീനും, എം.ഡി. പൂക്കോയയ്ക്കുമെതിരെ ചന്തേര പോലീസ് മൂന്ന് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇന്നലെ പരാതി നൽകിയവരിൽ രണ്ടു സ്ത്രീകളും, പ്രവാസിയായ ഒരു അറുപത്തിയഞ്ചുകാരനുമുണ്ട്.
സ്ത്രീകൾ 3 ലക്ഷം രൂപ വീതമാണ് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചിട്ടുള്ളത്. ഈ തുകയുടെ ന്യായമായ ഉറവിടം ഇരു സ്ത്രീകളും കേസ്സന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
30 ലക്ഷം രൂപ ഫാഷൻ ഗോൾഡ് ഉടമകൾക്ക് നൽകിയ മൂന്നാമത്തെ കേസ്സിൽ, പരാതിക്കാരൻ കാടങ്കോട് അക്കരക്കാരൻ അബ്ദുൾ റഷീദ് നൽകിയ റൊക്കം പണം 30 ലക്ഷം രൂപ ഗൾഫിൽ അദ്ധ്വാനിച്ച് സമ്പാദിച്ച പണമാണെന്നും അബ്ദുൾ റഷീദ് മൊഴി നൽകിയിട്ടുണ്ട്.
വിശ്വാസ വഞ്ചനയും ചതിയും വകുപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഈ കേസ്സുകളിൽ പണം നൽകുന്നയാളുടെ ഭാഗവും പണം വാങ്ങുന്നയാളുടെ ഭാഗവും പ്രധാനമാണ്.
പണം വാങ്ങിയ ആൾ ആ പണം ഏതുവഴിക്ക് ഉപയോഗിച്ചുവെന്നകാര്യം ഫാഷൻ ഗോൾഡ് കേസ്സിൽ മർമ്മ പ്രധാനമായിത്തീരും.
കമ്പനിയിലേക്ക് സ്വീകരിച്ച പണമാണെന്ന് എം.സി. ഖമറുദ്ദീനും, പൂക്കോയയും പോലീസിന് മൊഴി നൽകുകയാണെങ്കിൽ, നിക്ഷേപമായി സ്വീകരിച്ച പണം കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിരിക്കണം.അങ്ങിനെ അക്കൗണ്ടിലെത്തിയ പണം ഏതുവഴിക്ക് ചിലവഴിച്ചുവെന്നതിനും പോലീസിന് തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്.
കമ്പനിക്ക് വേണ്ടി വാങ്ങിയ പണം കമ്പനിയുടെ അക്കൗണ്ടിലും, രേഖകളിലും വന്നില്ലെങ്കിൽ വിശ്വാസ വഞ്ചനയും ചതിയും ഈ കേസ്സിൽ ഉറപ്പാക്കാൻ കേസ്സന്വേഷണ സംഘത്തിന് എളുപ്പമാവുകയും ചെയ്യും.
കമ്പനിയുടെ ഓരോ വർഷത്തേയും വിറ്റുവരവുകൾ കണക്കാക്കി ലാഭ വിഹിതത്തിൽ നിന്ന് നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന് ആനുപാതികമായി വിഹിതം നൽകിയിരിക്കണമെന്നതും കമ്പനി നിയമമാണ്.
ഈ രീതിയിലുള്ള കമ്പനി നിയമം തെറ്റിക്കുന്ന കമ്പനിക്കെതിരെ കമ്പനി റജിസ്ട്രാർക്കും കേസ്സ് നടപടികൾ സ്വീകരിക്കാം.
ചുരുക്കത്തിൽ ഫാഷൻ ഗോൾഡ് കമ്പനിയിലേക്ക് നിക്ഷേപകരിൽ നിന്ന് വാങ്ങിയ പണം ആരുടെ കൈകളിൽ, ഏതെല്ലാം വിധത്തിൽ എത്തിച്ചേർന്നുവെന്ന് പോലീസിന് കണ്ടെത്തേണ്ടിവരും.