മെട്രോ മുഹമ്മദ്ഹാജിയെ കോ-ചെയർമാനാക്കിയത് ഫാഷൻ ഗോൾഡിന്റെ വിശ്വാസ്യത ഉറപ്പിക്കാൻ

കാഞ്ഞങ്ങാട്: നൂറുകോടി രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ  ശാലയുടെ കോ-ചെയർമാൻ അന്തരിച്ച മെട്രോ മുഹമ്മദ്ഹാജി  ആയിരുന്നു.

ഫാഷൻ ഗോൾഡ് കാസർകോട് ശാഖ ആരംഭിച്ചപ്പോൾ  ഈ സ്വർണ്ണക്കടയുടെ അപദാനങ്ങൾ ജനങ്ങളിലെത്തിക്കാൻ,  ആരംഭിച്ച വെബ് സൈറ്റിൽ കമ്പനി ചെയർമാൻ  എം.സി. ഖമറുദ്ദീന്റെ അപദാനങ്ങളാണ് ആദ്യമായി ചേർത്തിരുന്നത്.

രണ്ടാമത് കമ്പനി എംഡിയായ ടി.കെ. പൂക്കോയ തങ്ങളും മൂന്നാമത് കമ്പനിയുടെ കോ-ചെയർമാൻ  മെട്രോ മുഹമ്മദ്ഹാജിയും  വെബ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ഫാഷൻ ഗോൾഡ് സ്വർണ്ണക്കടകൾ പയ്യന്നൂരിലും, പിന്നെ ചെറുവത്തൂരിലും, കാസർകോട്ടും, പൂട്ടി പൂക്കോയ തങ്ങൾ ഒളിവിൽ പോയപ്പോൾ, കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ച ലേറ്റസ്റ്റ് അന്വേഷണ സംഘം ഫാഷൻ ഗോൾഡിന്റെ കോ-ചെയർമാൻ മെട്രോ മുഹമ്മദ്  ഹാജിയാണെന്ന്  വാർത്തകളിൽ വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തൽ ലേറ്റസ്റ്റ്  പുറത്തു വിട്ടതിന്റെ തൊട്ടടുത്ത ദിവസം കാഞ്ഞങ്ങാട്ട്  നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിൽ മെട്രോ മുഹമ്മദ്ഹാജി ഫാഷൻ ഗോൾഡിന്റെ കോ-ചെയർമാനല്ലെന്ന് നിഷേധിച്ചുകൊണ്ട് ടി.കെ. പൂക്കോയ തങ്ങൾ  ഒന്നാം പേജിൽ പ്രസ്താവന പുറത്തു വിടുകയും ചെയ്തിരുന്നു.

പൂക്കോയയുടെ ഈ പ്രസ്താവന പുറത്തു വന്നതിന് തൊട്ടടുത്ത ദിവസം ഫാഷൻ ഗോൾഡിന്റെ  വെബ്സൈറ്റിലുള്ള, മെട്രോ മുഹമ്മദ്ഹാജിയുടെ   പടവും  ഫാഷൻ ഗോൾഡ് കമ്പനിയുടെ അമരക്കാരാനാണ് ഹാജിയെന്ന  വാഴ്ത്തപ്പെടലുകളും അതേപടി ലേറ്റസ്റ്റ് വായനക്കാർക്ക് മുന്നിൽ വിളംബരം ചെയ്യുകയും ചെയ്തിരുന്നു.

ഈ വെബ്സൈറ്റ് സത്യം, ലേറ്റസ്റ്റ് പുറത്തുവിട്ട ദിവസം രാത്രി 9 മണിക്കകം ഫാഷൻ ഗോൾഡിന്റെ വെബ് സൈറ്റിൽ നിന്ന് കോ-ചെയർമാൻ മെട്രോ മുഹമ്മദ്ഹാജിയുടെ പടവും, അദ്ദേഹത്തെക്കുറിച്ചുള്ള അപദാനങ്ങളും അതി നാടകീയമായി പിൻവലിക്കുകയും ചെയ്തിരുന്നു.

ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിക്കാൻ മുന്നിട്ടിറങ്ങുന്ന നിക്ഷേപകരിൽ, ഈ സ്വർണ്ണത്തട്ടിപ്പു കമ്പനിയെക്കുറിച്ചുള്ള വിശ്വാസ്യത വളർത്തുകയെന്ന ഗൂഢ ലക്ഷ്യത്തോടെയാണ് കമ്പനി ചെയർമാനും, എംഡിയും മെട്രോ മുഹമ്മദ്ഹാജിയെ  കമ്പനിയുടെ കോ-ചെയർമാനാക്കി വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതെന്ന് പിന്നീട് പുറത്തു വന്നു. ഈ കമ്പനിയിൽ രേഖാപരമായി ഒരു സ്ഥാനവും, പദവിയും മെട്രോ മുഹമ്മദ്ഹാജിക്കുണ്ടായിരുന്നില്ല.

ഫാഷൻ ഗോൾഡ് പൂട്ടിയതോടെ ഇപ്പോൾ ഈ വെബ് സൈറ്റ് പൂർണ്ണമായും ഗൂഗിളിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.

LatestDaily

Read Previous

കാഞ്ഞങ്ങാട് സൗത്തിലും മൂവാരിക്കുണ്ടിലും സിപിഎം- ബിജെപി സംഘർഷം

Read Next

തെയ്യം കലാകാരന്റെ ആത്മഹത്യ കാരണം തേടി പോലീസ്