പടന്ന ചകിരിക്കമ്പനിയുടെ മറവിൽ 7.5 കോടിയുടെ നിക്ഷേപത്തട്ടിപ്പ്

തൃക്കരിപ്പൂർ: കയർ ഉൽപ്പന്നങ്ങളുടെ നിർമ്മാണക്കമ്പനിയിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പടന്ന സ്വദേശികൾക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി. പടന്ന വടക്കേപ്പുറം സറീനമൻസിലിൽ സുലൈമാന്റെ മകൻ ഏ. അബ്ദുള്ളഹാജിയാണ് 72, പടന്ന ഗണേശ് മുക്ക് ടി. പി. റോഡിലെ ടി. പി. മുഹമ്മദലി ഹാജിയുടെ മക്കളായ കുഞ്ഞിമൊയ്തീൻ കുട്ടി 56, ആരിഫ് 54, എന്നിവർക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.


പടന്നയിലെ ആയിഷ കയർ വർക്ക്സ് എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ മികച്ച ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ലഭിച്ചതിനെ തുടർന്നാണ് ഏ. അബ്ദുള്ളഹാജി സ്ഥാപനത്തിൽ ഏഴരക്കോടി രൂപ നിക്ഷേപിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് ഒരു മാസം 8000 രൂപ വീതമാണ് ലാഭവിഹിതം വാഗ്ദാനം നൽകിയത്. ആയിഷ കയർ വർക്ക്സിൽ പണം നിക്ഷേപിക്കാൻ ബന്ധുക്കളോടും, സുഹൃത്തുക്കളോടും ഏ. അബ്ദുള്ളഹാജി ആവശ്യപ്പെട്ടതിനാൽ, ഇവരുടെ നിക്ഷേപവും കമ്പനിയിലുണ്ട്.

ഇവയെല്ലാം ചേർന്ന തുകയാണ് ഏഴരക്കോടി. ലാഭവിഹിതം കൃത്യമായി കിട്ടാത്തതിനെ തുടർന്ന് അബ്ദുള്ള ഹാജിയോടൊപ്പം കമ്പനിയിൽ പണം നിക്ഷേപിച്ചവർ തുടർച്ചയായി ഇദ്ദേഹത്തോട് പണമാവശ്യപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം കുഞ്ഞിമൊയ്തീൻ കുട്ടിയെയും, ആരിഫിനെയും സമീപിച്ചെങ്കിലും, തീരുമാനമുണ്ടായില്ല.


ഇതെതുടർന്ന് 2012 ഒക്ടോബറിൽ നടത്തിയ മധ്യസ്ഥ ചർച്ചയിൽ 2013 ജനുവരി 30-ന് പണം തിരിച്ചു നൽകാമെന്ന് ധാരണയായെങ്കിലും നടപ്പായില്ല. ഏറ്റവുമൊടുവിൽ 2014 ജൂൺ 23-ന് ഉണ്ടാക്കിയ ഉടമ്പടി പ്രകാരം കയർ കമ്പനിയുടമകൾ പണം തിരികെക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത തീയ്യതിക്കും നിക്ഷേപത്തുക തിരികെ കിട്ടിയില്ല.  ഇതേ തുടർന്ന് അബ്ദുള്ള ഹാജി ചന്തേര പോലീസിൽ നൽകിയ പരാതിയിൽ 484/14 നമ്പറിൽ കേസ്സ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും തുടർ നടപടിയൊന്നും ഉണ്ടായില്ല.


ഏറ്റവുമൊടുവിൽ ഒക്ടോബർ 3-നാണ് അബ്ദുള്ള ഹാജി കാസർകോട് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് വീണ്ടും പരാതി നൽകിയത്. 2011-12 കാലയളവിലാണ് ഇദ്ദേഹം പടന്നയിലെ ആയിഷ കയർ വർക്സിൽ ഏഴരക്കോടി രൂപ നിക്ഷേപിച്ചത്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

LatestDaily

Read Previous

മൽസ്യത്തൊഴിലാളി വീണതാണെന്ന് തീരം വിശ്വസിക്കുന്നില്ല

Read Next

പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല: വധശ്രമത്തിനിരയായ വ്യാപാരി പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരമിരിക്കും