63000 പ്രാഥമിക കാ‍ർഷിക വായ്പാ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യും

ദില്ലി: പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കംപ്യൂട്ടർ വത്കരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. പിഎസിഎസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും അതിന്റെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനും വേണ്ടിയാണ് അംഗീകാരം. ഇത് പിഎസിഎസിന് വ്യവസായത്തെ വൈവിധ്യവത്കരിക്കാനും നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും അവസരം നൽകും. കേന്ദ്രഗവണ്‍മെന്റിന്റെ 1528 കോടി രൂപ വിഹിതമുള്‍പ്പെടെ ആകെ 2516 കോടിയുടെ ബജറ്റ് അടങ്കലോടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമായ ഏകദേശം 63,000 പിഎസിഎസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനാണ് പദ്ധതി നിര്‍ദേശം

പ്രൈമറി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾ (പിഎസിഎസ്) രാജ്യത്തെ ത്രിതല ഹ്രസ്വകാല സഹകരണ ക്രെഡിറ്റിന്റെ (എസ്ടിസിസി) ഏറ്റവും താഴെയാണ്, ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നു, ഏകദേശം 13 കോടി കർഷകർ അംഗങ്ങളായി. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നൽകുന്ന കെസിസി വായ്പകളിൽ 41 ശതമാനവും പിഎസിഎസ് വഴിയാണ്. പി.എ.സി.എസ് വഴിയുള്ള ഈ കെ.സി.സി വായ്പയുടെ 95 ശതമാനവും (2.95 കോടി കർഷകർ ) ചെറുകിട കർഷകർക്കുള്ളതാണ്. മറ്റ് രണ്ട് തലങ്ങളായ സംസ്ഥാന സഹകരണ ബാങ്കുകളും (എസ്ടിസിബി), ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും (ഡിസിസിബികൾ) ഇതിനകം നബാർഡിന്റെ കീഴിലുള്ള കോമൺ ബാങ്കിംഗ് സോഫ്റ്റ്‌വെയറിന്റെ (സിബിഎസ്) ഭാഗമാണ്.

എന്നിരുന്നാലും, മിക്ക പിഎസിഎസുകളും ഇതുവരെ കമ്പ്യൂട്ടർവത്കരിച്ചിട്ടില്ല. ഇത് കാര്യക്ഷമതയില്ലായ്മയ്ക്കും വിശ്വാസ്യത കുറയുന്നതിനും കാരണമാകുന്നു. ചില സംസ്ഥാനങ്ങളിൽ, പി.എ.സി.എസ് ഒറ്റപ്പെട്ട തോതിലോ ഭാഗികമായോ കമ്പ്യൂട്ടർവത്ക്കരിച്ചിട്ടുണ്ട്. എന്നാൽ അവിടെ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിൽ സംയോജനമില്ല. മാത്രമല്ല, അവ ഡിസിസിബികളുമായും എസ്ടിസിബികളുമായും ബന്ധപ്പെട്ടിട്ടില്ല.  കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രാജ്യത്തുടനീളമുള്ള എല്ലാ പിഎസിസികളും കമ്പ്യൂട്ടറൈസ് ചെയ്യാനും ദേശീയ തലത്തിൽ ഒരു പൊതു പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനും ദൈനംദിന ഇടപാടുകൾക്കായി കോമൺ അക്കൗണ്ടിംഗ് സിസ്റ്റം (സിഎഎസ്) കൊണ്ടുവരാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

K editor

Read Previous

അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ചു; കുടുംബത്തിന് പിഴയിട്ട് മോട്ടോര്‍വാഹനവകുപ്പ്

Read Next

ഓസീസ്-ലങ്ക ടെസ്റ്റിനിടെ ചുഴലിക്കാറ്റ്; കനത്ത നഷ്ടം