അഞ്ചു കിലോ സ്വർണ്ണം നാലു ഡയരക്ടർമാരുടെ കൈകളിൽ

കാഞ്ഞങ്ങാട്:  ഫാഷൻഗോൾഡ് സ്വർണ്ണാഭരണ ശാലയുടെ പയ്യന്നൂർ ശാഖയിൽ നിന്ന് 5 കിലോ സ്വർണ്ണം സൂത്രത്തിൽ  കൈക്കലാക്കിയ നാലുപേർ ഈ ജ്വല്ലറിയുടെ ഡയരക്ടർമാർ.

ഫാഷൻ ഗോൾഡ് പയ്യന്നൂർ ജ്വല്ലറി പൂട്ടുമ്പോൾ , ജ്വല്ലറിയിൽ 18 കിലോ സ്വർണ്ണമുണ്ടായിരുന്നു. ഇതിൽ നിന്ന് 5 കിലോ സ്വർണ്ണം 4 ഡയരക്ടർമാർ തന്ത്രത്തിൽ കൈക്കലാക്കുകയായിരുന്നു.

പഴയങ്ങാടിയിലെ എം. എസ്. ഹമീദ്ഹാജി, ചെറുവത്തൂർ മടക്കര സ്വദേശി ഇ.എം. അബ്ദുൾ അസീസ് , നീലേശ്വരത്തെ ഏ.ജി. ഫൈസൽ, കൊടുവള്ളി ഷംസുദ്ദീൻ എന്നിവരാണ് ജ്വല്ലറി തുറന്ന് പ്രവർത്തിക്കാമെന്ന് കരാറുണ്ടാക്കി 5 കിലോ സ്വർണ്ണം കൈക്കലാക്കിയത്.

സ്വർണ്ണം കൈക്കലാക്കിയവർ  പിന്നീട് ഇന്നുവരെ ജ്വല്ലറിയെ തിരിഞ്ഞു നോക്കിയതു പോലുമില്ല. ഫാഷൻഗോൾഡ് കമ്പനി ഡയരക്ടർമാർ തന്നെ സ്വർണ്ണം കൈക്കലാക്കി മുങ്ങിയ സംഭവത്തിൽ ഫാഷൻ ഗോൾഡിന്റെ ചെയർമാൻ, എം.സി. ഖമറുദ്ദീനും, എംഡി, ടി.കെ. പൂക്കോയ തങ്ങൾക്കും അന്ന് പോലീസിൽ പരാതി നൽകാൻ തെളിവായ കരാർ രേഖ കൈയ്യിലുണ്ടായിട്ടും, ഡയരക്ടർമാർക്കെതിരെ ഇരുവരും പിന്നീട് മിണ്ടിയതുമില്ല.

പയ്യന്നൂർ ശാഖ പൂട്ടുമ്പോൾ ജ്വല്ലറിയിലുണ്ടായിരുന്ന ശേഷിച്ച 13 കിലോ സ്വർണ്ണം മറ്റൊരു ഡയരക്ടറായ ഹാരിസാണ് കൈകാര്യം ചെയ്തത്.

ജ്വല്ലറി നടത്തിയിരുന്ന ഡ്രീംഗോൾഡ് പദ്ധതിയിൽ ദിവസ ഇനത്തിൽ പണം നിക്ഷേപിച്ച സ്ത്രീകൾക്ക് 13 കിലോ സ്വർണ്ണം വീതിച്ചു നൽകിയെന്ന് പറയുന്ന കമ്പനി ഡയരക്ടർ ഹാരിസ് ഫാഷൻഗോൾഡ് പൂട്ടിയപ്പോൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയിൽ അംഗമായതാണ് വിചിത്രം.

LatestDaily

Read Previous

ഖമറുദ്ദീനെ അറസ്റ്റ് ചെയ്യണം: കെ. ശ്രീകാന്ത്

Read Next

ഫാഷൻഗോൾഡ് കേസ്സുകൾ ക്രൈംബ്രാഞ്ചിന്