ദേശീയ ഗെയിംസിന് കേരളത്തിൽ നിന്ന് 559 അംഗ സംഘം

ഗുജറാത്ത് ആതിഥേയത്വം വഹിക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ 559 അംഗ ടീം കേരളത്തെ പ്രതിനിധാനം ചെയ്യും. 436 താരങ്ങളും 123 ഒഫീഷ്യലുകളും അടങ്ങുന്നതാണ് ടീം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറ് നഗരങ്ങളിലായാണ് ഗെയിംസ് നടക്കുക. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭവ്നഗർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സൈക്ലിംഗ് മത്സരങ്ങൾ മാത്രം ന്യൂഡൽഹിയിൽ നടക്കും. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗെയിംസ് നടക്കുന്നത്. 2015ൽ അവസാന ദേശീയ ഗെയിംസ് കേരളത്തിൽ ആണ് നടന്നത്.

26 ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്. അത്ലറ്റിക്സ്, നീന്തൽ, അമ്പെയ്ത്ത്, ബാഡ്മിന്‍റൺ, സൈക്ലിംഗ് (റോഡ്, ട്രാക്ക്), നെറ്റ്ബോൾ, റഗ്ബി, ഖോ-ഖോ, റോളർ സ്കേറ്റിംഗ്, ഭാരോദ്വഹനം, ഫെൻസിംഗ്, ഗുസ്തി, ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബോൾ (5×5, 3×3), ഫുട്ബോൾ, ബോക്സിംഗ്, സോഫ്റ്റ് ബോൾ, സോഫ്റ്റ് ടെന്നീസ്, ജൂഡോ, വുഷു, ട്രയാത്തലണ്‍,കനോയിങ്, കയാക്കിങ്, സ്‌ക്വാഷ്, വോളിബോൾ മുതലായവയിലാണ് കേരളം ഇറങ്ങുന്നത്. ഒമ്പത് സംഘങ്ങളായാണ് കേരള താരങ്ങൾ ഗുജറാത്തിലേക്ക് പോകുന്നത്.

കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് ശ്രീശങ്കർ ഉദ്ഘാടന ചടങ്ങിൽ കേരളത്തിന്‍റെ പതാകയേന്തും. ഒളിമ്പ്യൻ വി.ദിജുവാണ് ടീമിന്‍റെ ചുമതലയുള്ള ചെഫ്-ഡി-മിഷൻ. കെ.എഫ്.എ. സെക്രട്ടറി പി.അനിൽകുമാർ, അത്ലറ്റിക്സ് അസോസിയേഷൻ അംഗം ഡോ. സ്റ്റാലിൻ റാഫേൽ, റഗ്ബി അസോസിയേഷൻ സെക്രട്ടറി ആര്‍. ജയകൃഷ്ണന്‍ എന്നിവരാണ് ഡെപ്യൂട്ടി ചെഫ് ഡി മിഷൻമാർ. കേരള ഒളിമ്പിക് അസോസിയേഷന്‍റെ കോ-ഓർഡിനേഷൻ ഓഫീസ് സെപ്റ്റംബർ 27 മുതൽ അഹമ്മദാബാദിൽ പ്രവർത്തനം ആരംഭിക്കും.

K editor

Read Previous

കാമുകി തേടിയെത്തി; ഭർത്താവുമായി വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

Read Next

ഹർത്താൽ വൻ വിജയമാക്കിയ എല്ലാവർക്കും നന്ദിയെന്ന് പോപ്പുലർ ഫ്രണ്ട്