50 കോടിയും കള്ളപ്പണം

കാഞ്ഞങ്ങാട്: നൂറ്റിയമ്പതു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ ഫാഷൻ ഗോൾഡിന്റെ അക്കൗണ്ടുകൾ വഴി അമ്പതുകോടി രൂപയുടെയെങ്കിലും കള്ളപ്പണം വെള്ളപ്പണമാക്കി മാറ്റി.


സംസ്ഥാന മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായ നിക്ഷേപകരിൽ നിന്നും ഫാഷൻ ഗോൾഡിന്റെ ചെയർമാൻ എം. സി. ഖമറുദ്ദീൻ എംഎൽഏയിൽ നിന്ന് ശേഖരിച്ച വിവരങ്ങളനുസരിച്ച് നിലവിൽ എം. സി. ഖമറുദ്ദീനുള്ള ആസ്തി വെറും പത്ത് കോടി രൂപയുടേതാണ്.
തൽസമയം, നൂറ്റിയമ്പതുകോടിയോളം രൂപ റൊക്കം പണം മാത്രമായി, ഖമറുദ്ദീനും, ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടർ ചന്തേരയിലെ ടി. െക. പൂക്കോയയും കൈപ്പറ്റിയിട്ടുണ്ട്.


പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുള്ള ഖമറുദ്ദീന്റെ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, ഖമർ ഗോൾഡ് ഇന്റർനാഷണൽ, ഫാഷൻ ഗോൾഡ് മഹൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ ക്ക് വേണ്ടിയാണെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചാണ് നൂറ്റിയമ്പത് കോടി രൂപയും ഖമറുദ്ദീനടക്കമുള്ള രണ്ടംഗ സംഘം ഇതിനകം നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തിട്ടുള്ളത്.


ഇവരിൽ നല്ലൊരു വിഭാഗം സ്ത്രീകളും ഉൾപ്പെടും. നൂറ്റിയമ്പതുകോടിയിൽ അമ്പതു കോടിക്ക് മുകളിൽ വരുന്ന പണം കള്ളപ്പണമായിട്ടാണ് ജ്വല്ലറിയുടെ അക്കൗണ്ട് വഴി വെള്ളപ്പണമാക്കി മാറ്റയിട്ടുള്ളത്.
നൂറോളം വരുന്ന നിക്ഷേപകരിൽ, അമ്പതോളം പേർ മാത്രമാണ് പണം നൽകിയതിനുള്ള തെളിവുകളുമായി ലീഗ് ജില്ലാ ട്രഷറർ, കല്ലട്ര മാഹിൻ ഹാജിയെ ഇതിനകം സമീപിച്ചത്.
തെളിവു നൽകാൻ എത്താതിരുന്നവർ അമ്പതോളം പേർ വരുമെന്നാണ് കണക്കു കൂട്ടൽ.


ഇവരിൽ ഭൂരിഭാഗവും ഇരുപത് ലക്ഷത്തിന് മുകളിൽ രണ്ട് കോടികൾ വരെയുള്ള പണം ഫാഷൻ ഗോൾഡിന്റെ അക്കൗണ്ട് വഴി വെള്ളപ്പണമാക്കി മാറ്റിയവരാണെന്ന് കരുതുന്നു.
കമ്പനി നിയമമനുസരിച്ച് കമ്പനിയിൽ ഷെയർ പണം മുടക്കുന്നവർക്ക് കമ്പനിയുടെ ഉത്തരവാദപ്പെട്ടവർ ഒപ്പിട്ട അംഗീകൃത ഷെയർ സർട്ടിഫിക്കറ്റാണ് നൽകേണ്ടതെങ്കിലും, ഫാഷൻ ഗോൾഡ് എംഡിയും, ചെയർമാനും നിക്ഷേപകർക്ക് നൽകിയത് വെറും നൂറ് രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട രസീതാണ്.


രണ്ട് കോടി മുടക്കിയവർക്കും ഈ രീതിയിൽ മുദ്രപ്പത്ര രസീതി നൽകിയിട്ടുണ്ട്. ഫാഷൻ ഗോൾഡ് പ്രതികൾ ശേഖരിച്ച കോടികൾ വരുന്ന പണം കമ്പനിയുടെ അക്കൗണ്ടുകൾ വഴി വെള്ളപ്പണമാക്കി മാറ്റുകയാണ് ചെയ്തിട്ടുള്ളത്. ഇതുകൊണ്ട് തന്നെ ഫാഷൻ ഗോൾഡിൽ കള്ളപ്പണം നിക്ഷേപിച്ച നിക്ഷേകർ ആരും തന്നെ മുസ്ലീം ലീഗ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടില്ല.
ഫാഷൻ ഗോൾഡ് തട്ടിപ്പുകൾ സംബന്ധിച്ച് എൻഫോഴ്്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


ഖമറുദ്ദീനും പൂക്കോയയും സാമ്പത്തിക ചട്ടങ്ങൾ മറികടന്നുകൊണ്ട് കൈപ്പറ്റിയിട്ടുള്ള പണം ഫാഷൻ ഗോൾഡ് ജ്വല്ലറി സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ വെളുപ്പിച്ച് വെള്ളപ്പണമാക്കി മാറ്റിയതിനുള്ള തെളിവുകൾ ഇഡി നടത്തി വരുന്ന അന്വേഷണത്തിൽ പുറത്തുവരും.

LatestDaily

Read Previous

പ്രതിയുടെ തടവുചാട്ടം പോലീസറിഞ്ഞത് നീണ്ട 15 മണിക്കൂറിന് ശേഷം പ്രതിയെ കണ്ടെത്താനായില്ല∙ ആശങ്ക

Read Next

ജില്ലാശുപത്രിയിൽ 21 കോവിഡ് രോഗികൾ