ഫുട്ബോൾ താരങ്ങൾക്ക് ബിരിയാണി വാങ്ങാൻ 43 ലക്ഷം! വൻ തട്ടിപ്പ്

ശ്രീനഗർ: ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ലഭിച്ച ലക്ഷക്കണക്കിന് രൂപ ‘ബിരിയാണി വാങ്ങാൻ’ ഉപയോഗിച്ച് ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ. ഫുട്ബോൾ അസോസിയേഷനെതിരെ ആരാധകരുടെ പരാതിയിൽ അഴിമതിവിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ട്. ഫുട്ബോളിന്റെ വളർച്ചയ്ക്കായി ജമ്മു കശ്മീർ സ്പോർട്സ് കൗണ്‍സിൽ നൽകിയ തുകയാണ് ഉദ്യോഗസ്ഥർ തിരിമറി നടത്തിയത്.

ജെകെഎഫ്എ പ്രസിഡന്റ് സമീർ താക്കൂർ, ട്രഷറർ സുരിന്ദർ സിങ് ബണ്ടി, ചീഫ് എക്സിക്യൂട്ടിവ് എസ്.എ. ഹമീദ്, ജെകെഎഫ്എ അംഗം ഫയാസ് അഹമ്മദ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിൽ വ്യാജ ബില്ലുകൾ ഉപയോഗിച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തി. ഖേലോ ഇന്ത്യ, മുഫ്തി മെമ്മോറിയൽ ഗോൾഡ് കപ്പ് തുടങ്ങിയ ടൂർണമെന്‍റുകൾ സംഘടിപ്പിക്കാനാണു ഫുട്ബോൾ അസോസിയേഷനു ലക്ഷക്കണക്കിന് രൂപ അനുവദിച്ചത്.

ശ്രീനഗറിലെ മുഗൾ ദർബാർ, പോളോ വ്യൂ തുടങ്ങിയ റെസ്റ്റോറന്‍റുകൾക്ക് ഫുട്ബോൾ അസോസിയേഷൻ 43,06,500 രൂപ നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ടീം അംഗങ്ങൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഈ തുകയ്ക്ക് ബിരിയാണി വാങ്ങിയതെന്നാണ് അസോസിയേഷന്‍റെ നിലപാട്. എന്നാൽ കശ്മീരിലെ ഒരു ടീമിനും ഇത്തരത്തിൽ ബിരിയാണി ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഹിന്ദുസ്ഥാൻ ഫോട്ടോസ്റ്റാറ്റിലേക്ക് അസോസിയേഷൻ 1,41,300 രൂപയും സംഭാവന ചെയ്തിട്ടുണ്ട്. ഇതിനായി വ്യാജ രേഖയും തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

K editor

Read Previous

കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്ന് മന്ത്രി വി.എന്‍.വാസവന്‍

Read Next

കര്‍ണാടക മുഖ്യമന്ത്രി യുവമോര്‍ച്ച നേതാവിന് മാത്രം സഹായം പ്രഖ്യാപിച്ചതിൽ വിവാദം