അയോധ്യ രാമക്ഷേത്രം 40% നിർമാണം പൂർത്തിയായി; 2024ൽ തുറക്കും

അയോധ്യ : അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന്‍റെ 40 ശതമാനവും പൂർത്തിയായതായി എഞ്ചിനീയർമാർ. നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2024 ന്‍റെ തുടക്കത്തിൽ ക്ഷേത്രത്തിന്‍റെ ഒന്നാം നില തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി രാമജന്മഭൂമി ട്രസ്റ്റിന് കീഴിലുള്ള അഞ്ച് സൂപ്പർവൈസിംഗ് ചീഫ് എഞ്ചിനീയർമാരിൽ ഒരാളായ ജഗദീഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ട് രണ്ട് വർഷം പിന്നിടുമ്പോൾ 40 ശതമാനം നിർമ്മാണവും പൂർത്തിയായി. ക്ഷേത്രസ്തംഭത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതോടൊപ്പം ശ്രീകോവിലിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലാണ് ക്ഷേത്രത്തിന്‍റെ ചുവരുകൾക്ക് ഉപയോഗിക്കുന്നത്.

രാജസ്ഥാനിലെ മക്രാന കുന്നുകളിൽ നിന്നുള്ള വെളുത്ത മാർബിളുകൾ ശ്രീകോവിലിൽ ഉപയോഗിക്കുമെന്ന് ക്ഷേത്ര നിർമ്മാണ ചുമതലയുള്ള രാമജന്മഭൂമി ട്രസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. 8 മുതൽ 9 ലക്ഷം ക്യുബിക് അടി കൊത്തിയെടുത്ത മണൽക്കല്ലുകൾ, 6.37 ലക്ഷം ക്യുബിക് അടി കൊത്തുപണികളില്ലാത്ത കരിങ്കല്ല്, 4.70 ലക്ഷം ക്യുബിക് അടി കൊത്തിയെടുത്ത പിങ്ക് മണൽക്കല്ല്, 13,300 ക്യുബിക് അടി മക്രാന വെള്ള കൊത്തുപണികളുള്ള മാർബിൾ എന്നിവ ക്ഷേത്ര പദ്ധതിക്കായി ഉപയോഗിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

K editor

Read Previous

തരംഗമായി ‘ദേവദൂതര്‍ പാടി’: യൂട്യൂബില്‍ കണ്ടത് ഒരു കോടിയലധികം പേര്‍

Read Next

ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം; ക്രെഡിറ്റ് കാർഡ് നിക്ഷേപങ്ങൾ ഇനി അനുവദിക്കില്ല