പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേർക്ക് പരിക്ക്; ഹോട്ട്സ്പോട്ടുകൾ 3024

പാലക്കാട്: പാലക്കാട് കൊടുവായൂർ കാക്കയൂർ ആണ്ടിത്തറയില്‍ തെരുവ് നായയുടെ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്. കാക്കയൂർ സ്വദേശിയായ വയ്യാപുരിയുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടുവായൂർ സ്വദേശികളായ കണ്ണൻ, ഭാര്യ കോമള എന്നിവർക്കും നായയുടെ കടിയേറ്റു.

അയൽവാസിയായ ഒരാളെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വയ്യാപുരിയ്ക്ക് കടിയേറ്റത്. നായ വയ്യാപുരിയുടെ കവിളിൽ കടിക്കുകയായിരുന്നു. കടിയേറ്റ ഭാഗത്ത് മാംസമില്ലെന്നും അതിനാൽ മുഖത്ത് തുന്നല്‍ പോലുമിടാന്‍ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

സർക്കാരിന്റെ വാക്സിനേഷൻ യജ്ഞം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും നായ്ക്കളുടെ ശല്യം തുടരുകയാണ്. വാക്സിനേഷനും വന്ധ്യംകരണവും ഫലം കണ്ടില്ലെന്നും ആരോപണമുണ്ട്. മൂന്ന് ലക്ഷത്തിലധികം തെരുവുനായ്ക്കളിൽ 10 ശതമാനത്തിന് മാത്രമാണ് വാക്സിൻ നൽകാൻ കഴിഞ്ഞത്. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 170 ൽ നിന്ന് 3024 ആയി ഉയർന്നു.

K editor

Read Previous

സ്വപ്‌നയുടെ ആരോപണത്തിൽ സിപിഎം പാലിക്കുന്ന മൗനം ദുരൂഹമെന്ന് വി.ഡി സതീശന്‍

Read Next

എൽദോസിനെ നിയമസഭ നടപടികളിൽ പങ്കെടുപ്പിക്കണോയെന്ന് തീരുമാനിക്കും: തിരുവഞ്ചൂ‍ര്‍ രാധാകൃഷ്ണൻ