33 വർഷത്തിൽ മഠങ്ങളിൽ മരിച്ചത് 16 കന്യാസ്ത്രീകൾ

ഇവരിൽ എട്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് കിണറുകളിൽ

കാഞ്ഞങ്ങാട്: 1983 മുതൽ 2020 വരെ കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് 16 പെൺകുട്ടികൾ.

ഇവരിൽ എല്ലാവരും ഇരുപത്തിയഞ്ചു വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികൾ എന്നതിന് പുറമെ എട്ടു പെൺകുട്ടികളുടെയും ജഡങ്ങൾ കണ്ടെത്തിയത് അതാതു മഠങ്ങളിലെ കിണറ്റിലാണെന്ന പ്രത്യേകതയുമുണ്ട്. ഏറ്റവുമൊടുവിൽ 2020 മെയ് 7-ന് തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനി ഇരുപത്തിയൊന്നു വയസ്സുള്ള ദിവ്യ.പി. ജോണിന്റെ മൃതദേഹം കണ്ടെത്തിയതും കന്യാമഠം വളപ്പിലെ കിണറ്റിൽ.

ദിവ്യ കഴിഞ്ഞ 5 വർഷക്കാലമായി മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയാണ്. പത്തനംതിട്ട ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസ്-കൊച്ചുമോൾ ദമ്പതികളുെട ഇളയ മകളാണ് ദിവ്യ. സംഭവ ദിവസം രാവിലെ 11-30 മണിക്കാണ് ദിവ്യയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. പ്രഭാത ഭക്ഷണത്തിന് ശേഷം മഠത്തിലെ പഠനം കഴിഞ്ഞ് എല്ലാവരും വിശ്രമത്തിന് പിരിഞ്ഞപ്പോഴാണ് ദിവ്യയുടെ ജഡം കിണറ്റിൽ കണ്ടതെന്നാണ് മഠം അധികൃതരുടെ വിശദീകരണം.

മഠത്തിനോട് ചേർന്ന് പിറകുവശത്തുള്ള ആൾമറയുള്ള പത്തടിയോളം ആഴമുള്ള കിണറിലാണ് ദിവ്യയുടെ മൃതദേഹം കണ്ടെത്തിയത്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് മഠം അന്തേവാസി ചെന്നു നോക്കിയപ്പോൾ ദിവ്യ വെള്ളത്തിൽ മുങ്ങിത്താഴുന്നതായി കണ്ടുവെന്നും രക്ഷിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും പറയുന്നു.

ദിവ്യയുടെ ചെരുപ്പ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
വിവരം നൽകിയതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് പെൺകുട്ടിയുടെ ജഢം പുറത്തെടുത്തത്. മഠത്തിൽ നിന്ന് ഒരു കിലോ മീറ്റർ അടുത്ത് സർക്കാർ ആശുപത്രിയുണ്ടായിട്ടും മൃതദേഹം കൊണ്ടുപോയത് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്.

പിന്നീട് പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. ദിവ്യയുടേതായി ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

സിസ്റ്റർ അഭയയുടെ മരണത്തോട് സാമ്യമുള്ള രീതിയിലാണ് സിസ്റ്റർ ദിവ്യയുടെ മരണവും എത്തിച്ചേരുന്നത്. സന്യാസിനിയുടെ ദുരൂഹ മരണം സംബന്ധിച്ച് ആക്ടിവിസ്റ്റ് സിസ്റ്റർ ലൂസി കളപ്പുര ഫേസ് ബുക്കിൽ പ്രതികരിച്ചിട്ടുണ്ട്.

ആത്മഹത്യയാക്കാൻ തിടുക്കം: ജോമോന്‍

തിരുവനന്തപുരം: കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം അന്വേഷണത്തിന് മുമ്പ് ആത്മഹത്യയാണെന്ന് പ്രഖ്യാപിക്കാന്‍ തിടുക്കമെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. മറ്റൊരു അഭയക്കേസ് മോഡല്‍ മരണമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള ബസേലിയസ് സിസ്റ്റേഴ്‌സ് കോണ്‍വെന്റിന്റെ കിണറ്റിലാണ് കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ പി ജോണിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇവർ ആ 16 കന്യാസ്ത്രീകൾ

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ
1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല
1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ
സിസ്റ്റര്‍ അഭയ
1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി
1994: പുല്‍പ്പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്
1998: പാലാ കോണ്‍വെന്റിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി
1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്
2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി
2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്
2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ
2008: ‍ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ
2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി
2015 സെപ്റ്റംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല
2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ
2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു
2020: തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സന്യാസിനി വിദ്യാർത്ഥി ദിവ്യ.

LatestDaily

Read Previous

കച്ചവട പങ്കാളിത്തം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്: പ്രതികൾ റിമാന്റിൽ

Read Next

ഗൾഫ് രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക്