ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കേന്ദ്ര ബജറ്റിൽ കേരളം വട്ടപ്പൂജ്യമായതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് നവമാധ്യമ പ്ലാറ്റ്ഫോമുകളിൽ പരിഹാസപ്പൊങ്കാല. സംസ്ഥാനത്ത് നിന്നും ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ബിജെപി പ്രതിനിധിയെന്ന നിലയിൽ കേരളത്തിന് നേരെയുള്ള അവഗണനയ്ക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാത്തതിനെതിരെയാണ് പരിഹാസം.
പാർലമെന്റിലേക്ക് തെരഞ്ഞെടുത്തയച്ചാൽ രാഷ്ട്രീയം മറന്ന് കേരളത്തിന് വേണ്ടി പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കുമെന്നായിരുന്നു സുരേഷ്ഗോപിയുടെ വാഗ്ദാനം. തൃശ്ശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട് കേന്ദ്ര സഹമന്ത്രിയായി മാറിയിട്ടും, സംസ്ഥാനത്തിന് വേണ്ടി ഒന്നും നേടിക്കൊടുക്കാനാകാത്ത ഗതികേടിനെയാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. ടൂറിസം ചുമതലയുള്ള സഹമന്ത്രിയായിരുന്നിട്ടും, കേരളത്തിന് വേണ്ടി ഒരു ടൂറിസം പദ്ധതി പ്രഖ്യാപനം നേടിയെടുക്കാൻ പോലും സുരേഷ്ഗോപിക്കായിട്ടില്ലെന്നാണ് ആക്ഷേപം. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും ഉണ്ടായില്ല.
കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസിന് വേണ്ടി കേരള സർക്കാർ സ്ഥലമേറ്റെടുത്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എയിംസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിലും നേരിട്ട് നടത്തിയ സംഭാഷണത്തിലും അനുകൂല പ്രതികരണവുമുണ്ടായിരുന്നു. ഭൂമിയേറ്റെടുക്കൽ നടപടിയും സാമൂഹ്യാഘാത പഠനവും പൂർത്തിയാക്കി എയിംസ് പ്രഖ്യാപനത്തിന് കാത്തിരുന്ന കേരളത്തെ ഇലയിട്ടിട്ടും ചോറ് വിളമ്പാത്ത അവസ്ഥയിലാണ് കേന്ദ്ര സർക്കാർ ആക്കിയത്.
എയിംസ് വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഏറ്റവുമൊടുവിൽ ഉയർത്തിയ സംശയം സർക്കാരേറ്റെടുത്ത ഭൂമി അഖിലേന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മാണത്തിന് തികയുമോയെന്നതിനായിരുന്നു. ഈ സംശയത്തിനും സോഷ്യൽമീഡിയ കണക്കുകളിലൂടെ മറുപടി കൊടുത്തിട്ടുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾക്കായി അനുവദിച്ച ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേറെയും 150 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. റായ്പൂർ എയിംസിന് നൂറേക്കറും, പട്ന എയിംസിന് 134 ഏക്കറും മാത്രമാണ് ഭൂവിസ്തൃതി.
2020ൽ അനുവദിച്ച ജമ്മു, മധുര എയിംസുകൾക്കും 150 ഏക്കർ മാത്രമാണ് ഭൂവിസ്തൃതി. കേരളം എയിംസിനു വേണ്ടി ഏറ്റെടുത്ത ഭൂമി തികയുന്നില്ലെങ്കിൽ, കൂടുതൽ ഭൂമി ഏറ്റെടുത്ത് കൈമാറാനും സംസ്ഥാന സർക്കാർ തയ്യാറാണെങ്കിലും, കേരള എയിംസിന്റെ കാര്യത്തിൽ തീരുമാനം അനന്തമായി നീളുകയാണ്.