പാസ്പോർട്ട് തട്ടിപ്പ്: ട്രാവൽ ഏജൻസികൾക്കെതിരെ അന്വേഷണം

കാസർകോട്:  ഭാര്യയെയും മക്കളെയും സ്‌കൂള്‍ അവധിക്ക് ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് ഉളിയത്തടുക്കയിലെ ട്രാവല്‍ ഏജന്റിനെ ഏല്‍പിച്ച പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐഡി, താമസസ്ഥലത്തിന്റെ അഡ്രസ്, വൈദ്യുതി ബില്‍, എന്നിവ ഉപയോഗിച്ച് വ്യാജ വിസയുണ്ടാക്കി മറ്റൊരാളെ ഖത്തറിലേക്ക് അയച്ചതായി പരാതി. നീര്‍ച്ചാല്‍ കന്യാപ്പാടിയിലെ മുഹമ്മദിന്റെ മകന്‍ ഫിറോസ് അലി അഹമ്മദിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്നുവര്‍ഷമായി ദോഹയില്‍ ജോലിചെയ്യുകയാണ് ഫിറോസ് അഹമ്മദ്. മാതാവും ഭാര്യയും മക്കളും കഴിഞ്ഞ സ്‌കൂള്‍ അവധിക്കാലത്ത് സന്ദര്‍ശന വിസയില്‍ ഖത്തറിലെത്തിയിരുന്നു. ഇവരുടെ വിസിറ്റിങ് വിസക്ക് ഫിറോസ് അലി അഹമ്മദിന്റെ വിസയും ഖത്തര്‍ ഐഡിയും മറ്റു രേഖകളും ഉളിയത്തടുക്കയിലെ ട്രാവല്‍ ഏജന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു. ട്രാവല്‍ ഏജന്‍സി ഇവര്‍ക്ക് വിസിറ്റിങ് വിസ തരപ്പെടുത്തി കൊടുത്തു. അത് ഉപയോഗിച്ചു ഖത്തറിലെത്തിയ ഇവര്‍ രണ്ടുമാസം താമസിച്ചു മടങ്ങുകയും ചെയ്തു.

ഇവര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയ ഫിറോസ് അലി അഹമ്മദ് തിരിച്ച് ഖത്തറിലെത്തി. അതിനുശേഷം ഇദ്ദേഹത്തിന്റെ ഐഡിയും മറ്റു രേഖകളും ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ വിസിറ്റിങ് വിസയുമായി കുടാല്‍മെര്‍ക്കള സുബ്ബയ്യക്കട്ടയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസും ഖത്തറിലെത്തി. ഉളിയത്തടുക്കയിലെ എയർവേട്രാവലുടമ ഫിറോസ്, കുമ്പള ഫ്‌ളൈ പോസ്റ്റ് ട്രാവല്‍സ് ആന്റ് ടൂര്‍സ് ഉടമ, വ്യാജ വിസിറ്റിങ് വിസ നേടിയ സുബ്ബയ്യകട്ടയിലെ അബ്ദുല്‍ അസീസ് എന്നിവര്‍ക്കെതിരെയാണ് പരാതി. വിസിറ്റിങ് വിസയില്‍ ഖത്തറിലെത്തിയ അബ്ദുല്‍ അസീസിനെ ഫിറോസലി മുഹമ്മദിന്റെ  പ്രവാസി സംഘടന പിടികൂടിയതോടെയാണ് വിസാ തട്ടിപ്പ് വെളിപ്പെട്ടത്.

LatestDaily

Read Previous

കോട്ടച്ചേരി ബാങ്ക് സഹകരണ മേഖലയ്ക്ക് അഭിമാനം: മന്ത്രി

Read Next

ആത്മഹത്യാശ്രമത്തിനിടെ ഷാള്‍ പൊട്ടി വീണ് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു