ആ മദ്യശാല ചീമേനിയിലേക്ക് മാറ്റുന്നു; പ്രതിഷേധവുമായി നാട്ടുകാർ

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂരിൽ നിന്നും സിപിഎം സംസ്ഥാന നേതാവ് ഇടപെട്ട് നാട് കടത്തിയ കൺസ്യൂമർഫെഡ് മദ്യശാല സമീപ പഞ്ചായത്തായ കയ്യൂർ ചീമേനിയിലേക്ക് മാറ്റാനുള്ള രഹസ്യം നീക്കം ചോർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു ദിവസം മാത്രം പ്രവർത്തിച്ച കൺസ്യൂമർഫെഡ് മദ്യശാല കയ്യൂർ – ചീമേനി പഞ്ചായത്തിലെ ചീമേനി കയ്യൂർ റോഡിലെ പഴയ ടാക്കീസ് റോഡിന് സമീപത്തെ   സ്വകാര്യ വ്യക്തിയുടെ  കെട്ടിടത്തിൽ തുടങ്ങാനാണ് നീക്കമുണ്ടായത്.

പ്രസ്തുത കെട്ടിടം കൺസ്യൂമർ ഫെഡ് ഉദ്യോഗസ്ഥർ പരിശോധിക്കുവാനെത്തിയ വിവരം ചോർന്നതോടെയാണ് കഴിഞ്ഞദിവസം ജനകീയ പ്രതിഷേധമുണ്ടായത്. കൺസ്യൂമർഫെഡ് മദ്യശാലയ്ക്കായി ചീമേനിയിലെ കെട്ടിടം പരിശോധിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് കെട്ടിടത്തിന് സമീപത്തെ വീട്ടമ്മമാർ വിവരം ചീമേനിയിലെ ക്ലബ്ബുകളെയും സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ നേതാക്കളെയും അറിയിച്ചത്. ചീമേനിയിൽ കൺസ്യൂമർഫെഡ് മദ്യശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ഇന്നലെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചീമേനി ടൗണിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. യോഗത്തിൽ സമരസമിതി ചെയർമാൻ എം. വിനോദ് കുമാർ, കോൺഗ്രസ് നേതാവ് കരിമ്പിൽ കൃഷ്ണൻ, സുഭാഷ് ചീമേനി, ജയരാമൻ, കുടുങ്കോൻ ശ്രീധരൻ, അസിനാർ മൗലവി, പി.പി. ധനേഷ്, പി.പി. തമ്പാൻ, വി.വി. രാജേഷ്, കെ. രാഘവൻ, പലേരി നാരായണൻ എന്നിവർ സംസാരിച്ചു.

ചെറുവത്തൂരിന് വേണ്ടാത്ത മദ്യശാല ചീമേനിക്കും വേണ്ടെന്നാണ് നാട്ടുകാരുടെ ഒറ്റക്കെട്ടായ അഭിപ്രായം. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തനമാരംഭിച്ച കൺസ്യൂമർഫെഡ് മദ്യശാല ഞാണങ്കൈയ്യിലെ സ്വകാര്യ ബാർ മുതലാളിക്ക് വേണ്ടിയാണ് സിപിഎം സംസ്ഥാന നേതാവ് പൂട്ടിച്ചത്. ഏറെ രാഷ്ട്രീയ കോലാഹലമുണ്ടാക്കിയ ചെറുവത്തൂർ മദ്യശാല വിവാദം ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വോട്ടിംഗ് നിലയിലും പ്രതിഫലിച്ചു.

Read Previous

കേന്ദ്ര ബജറ്റിൽ കേരളം വട്ടപ്പൂജ്യം; സുരേഷ്ഗോപിക്ക് സൈബർ പൊങ്കാല

Read Next

കോട്ടച്ചേരി ബാങ്ക് സഹകരണ മേഖലയ്ക്ക് അഭിമാനം: മന്ത്രി