അഭിഭാഷകർ ആർഡി ഓഫീസ് ഉപരോധിച്ചു, ചെറുതായി ഉന്തും തള്ളും

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ ചരിത്രത്തിലാദ്യമായി അഭിഭാഷക സംഘടനയുടെ കീഴിൽ അണി നിരന്ന അഭിഭാഷകർ കാഞ്ഞങ്ങാട് റവന്യൂ സബ് ഡിവിഷണൽ മജിസ്ത്രേട്ടിന്റെ ഓഫീസ് ഉപരോധിച്ചു. ഹൊസ്ദുർഗ് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ഇന്നുച്ചയ്ക്ക് ഒരു മണിയോടെ കോടതി വളപ്പിൽ സംഘടിച്ച്  മുദ്രാവാക്യം വിളിയുമായാണ് നൂറോളം അഭിഭാഷകർ  ഹൊസ്ദുർഗ് ആർഡിഒ ഓഫീസിലേക്ക് കാൽനടയായി എത്തിയത്.

വനിതകളടക്കം എഴുപതോളം വക്കീലന്മാർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. സബ് കലക്ടർ കൂടിയായ സൂഫിയാൻ അഹമ്മദിനെതിരായ മുദ്രാവാക്യങ്ങൾ അഭിഭാഷകർ മുഷ്ടി ചുരുട്ടി വിളിച്ചു. ഉപരോധം 35 മിനിറ്റുകൾ നീണ്ടുനിന്നു. സബ് ഡിവിഷണൽ മജിസ്ത്രേട്ടു കൂടിയായ സൂഫിയാൻ അഹമ്മദ് വക്കാലത്തുമായി അദ്ദേഹത്തിന് മുന്നിലെത്തുന്ന അഭിഭാഷകരെ കൊച്ചാക്കി സംസാരിക്കുകയും, വക്കാലത്ത് നേരിട്ട് സ്വീകരിക്കാൻ തയ്യാറാകാതെ, ഓഫീസിലെ ക്ലാർക്ക് വശം അന്യായങ്ങൾ സമർപ്പിക്കാൻ നിർദ്ദേശിക്കുകയും നേരിട്ട് കാണാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നുവെന്നാണ് അഭിഭാഷകരുടെ മുഖ്യ പരാതി.

ഇന്നലെ റവന്യൂ ഡിവിഷണൽ മജിസ്ത്രേട്ടിന് മുന്നിൽ അന്യായവുമായെത്തിയ ഒരു വനിത അഭിഭാഷകയ്ക്ക് എക്സിക്യൂട്ടീവ് മജിസ്ത്രേട്ടിന്റെ ഓഫീസിൽ കടുത്ത അവഗണന നേരിട്ടിരുന്നു. ഉപരോധ സമരം ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.സി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സിക്രട്ടറി പി.കെ. സതീശൻ, അഡ്വ. പി. നാരായണൻ, നിർവ്വാഹക സമിതിയംഗം അഡ്വ. രമാദേവി, അഡ്വ. കെ.എം. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ഇന്നീ ഉപരോധം സൂചന മാത്രമാണെന്നും, തങ്ങൾ വീണ്ടും വരുമെന്നും അഭിഭാഷകർ റവന്യൂ ഡിവിഷണൽ മജിസ്ത്രേട്ടിന് മുന്നറിയിപ്പ് നൽകി.

LatestDaily

Read Previous

ഭൂമി തരംമാറ്റം: ഒരു സെന്റ് വയലിന് ഭൂവുടമ അടയ്ക്കേണ്ടത് മൂന്നര ലക്ഷം

Read Next

കേന്ദ്ര ബജറ്റിൽ കേരളം വട്ടപ്പൂജ്യം; സുരേഷ്ഗോപിക്ക് സൈബർ പൊങ്കാല