ഭൂമി തരംമാറ്റം: ഒരു സെന്റ് വയലിന് ഭൂവുടമ അടയ്ക്കേണ്ടത് മൂന്നര ലക്ഷം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയ ഭൂവുടമകൾ ഡാറ്റാ ബാങ്കിൽ നിന്നും ഭൂമി നീക്കം ചെയ്തെങ്കിലും, പുരയിടമാക്കിക്കിട്ടുന്നതിന് വേണ്ട ഭീമമായ സംഖ്യ അടയ്ക്കാനാവാതെ നട്ടം തിരിയുന്നു. സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ ഏകദേശം രണ്ട് ലക്ഷത്തിന് മുകളിൽ ഭൂമിതരം മാറ്റത്തിനുള്ള   അപേക്ഷകൾ കെട്ടിക്കിടക്കുന്നതായാണ് ഔദ്യോഗിക കണക്ക്.

ഡാറ്റാ ബാങ്കിൽ അകപ്പെട്ട ഭൂമി അപേക്ഷ നൽകി ഡാറ്റാ ബാങ്കിൽ നിന്നും നീക്കം ചെയ്താൽ പ്രസ്തുത ഭൂമി പിന്നീട് പുരയിടമാക്കിക്കിട്ടുന്നതിന് വേണ്ടി മറ്റൊരു അപേക്ഷ വീണ്ടും സമർപ്പിക്കണം. രണ്ടാം തവണ നൽകിയിട്ടുള്ള അപേക്ഷ തീർപ്പാക്കണമെങ്കിൽ അപേക്ഷകന്റെ സ്ഥലം  25 സെന്റിൽ കൂടുതലായാൽ   ന്യായവിലയുടെ 10 ശതമാനം  ഫീസടച്ചാൽ മാത്രമാണ് ആർഡിഒ ഭൂമി പുരയിടമാക്കി മാറ്റുന്നത്.

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന ഭൂവുടമയായ കർഷകൻ തന്റെ ഭൂമി പുരയിടമാക്കി മാറ്റുന്നതിന് അപേക്ഷ നൽകി തുടർ നടപടികൾക്ക് ശേഷം ഉത്തരവിന്   വേണ്ടി കാത്തിരിക്കുമ്പോഴാണ് 3,55,000 രൂപ ഫീസടച്ചാൽ മാത്രമേ പുരയിടമാക്കി നൽകുകയുള്ളൂവെന്ന നോട്ടീസ് ആർഡിഒ ഓഫീസിൽ നിന്നും  ലഭിക്കുന്നത്. ഭീമമായ സംഖ്യ ഫീസടയ്ക്കാനുള്ള നിർദ്ദേശം ലഭിച്ച ഭൂവുടമ ആർഡിഒ ഓഫീസിലെത്തി വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് 25 സെന്റ് വരെയുള്ള ഭൂമി സർക്കാർ സൗജന്യമായി പുരയിടമാക്കി നൽകുന്നുണ്ടെന്നും, താങ്കളുടെ ഭൂമി 26 സെന്റ്  ആയതിനാൽ ആനുകൂല്യം ലഭിക്കില്ലെന്നുമുള്ള അമ്പരപ്പിക്കുന്ന മറുപടി ലഭിച്ചത്.

നിലവിലുള്ള ഭൂമിയിൽ 1 സെന്റ് അധികഭൂമി ചേർന്നതിനാൽ ന്യായവിലയുടെ 10 ശതമാനമായ 3,55,000 രൂപ സർക്കാരിലേക്ക്   അടച്ചാൽ മാത്രമേ പുരയിടമാക്കി ഉത്തരവിറക്കുക യുള്ളൂവെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. പരമ്പരാഗതമായി കൈവശം വെച്ച് വരുന്ന ഭൂമി റവന്യൂ രേഖകളിൽ വയൽ എന്ന് രേഖപ്പെടുത്തിയതിനാൽ ഭൂമിയുടെ  വിസ്തീർണ്ണത്തിലെ നേരിയ തോതിലുള്ള ഏറ്റക്കുറച്ചിലുകളാണ് കർഷകരുടെ നെഞ്ചു പൊട്ടുന്ന സംഖ്യ ഫീസിനത്തിലടക്കാനുള്ള സാഹചര്യത്തിന് വഴിവെക്കുന്നത്.

LatestDaily

Read Previous

ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

Read Next

അഭിഭാഷകർ ആർഡി ഓഫീസ് ഉപരോധിച്ചു, ചെറുതായി ഉന്തും തള്ളും