ജില്ലയിൽ ലഹരിപ്പാർട്ടികൾ വർദ്ധിക്കുന്നു മൂന്നിടങ്ങളിലായി പിടിയിലായത് 13 പേർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലയിൽ ഒന്നിലധികം പേർ പങ്കെടുക്കുന്ന മയക്കുമരുന്ന് പാർട്ടികൾ സജീവമാകുന്നുവെന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ ഹൊസ്ദുർഗ്, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് പോലീസ് മയക്കുമരുന്ന്, കഞ്ചാവ് ബീഡി എന്നിവയുമായി പിടികൂടിയ സംഘത്തിൽ ഒന്നിലധികം പേരുണ്ടായിരുന്നു. ജൂലായ് 18 ന് സന്ധ്യയ്ക്ക് 6.30 മണിക്ക് വടകരമുക്ക് പള്ളിക്ക് സമീപത്ത് നിന്നും ഹൊസ്ദുർഗ് എസ്ഐ, എൻ. അൻസാർ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടികൂടിയത് 7 യുവാക്കളാണ്. ഒരു കാറിനുള്ളിലും പുറത്തുമായി കൂടിയിരുന്ന് കഞ്ചാവ് നിറച്ച ബീഡി വലിച്ച യുവാക്കളാണ് പിടിയിലായത്.

ആവിക്കര കെ.എം.കെ. ഹൗസിൽ കെ. ആഷിഖ് 27, നിലാങ്കര, കുതിരക്കാളി ക്ഷേത്രത്തിന് സമീപത്തെ നാസിർ പി.െക 38, ഗാർഡർ വളപ്പ് എംടിഎം ഹൗസിലെ സി. മുഹമ്മദ് സമീർ 25, ഏഴാംമൈൽ കായലടുക്കത്തെ കെ. തൗഫീഖ് 29, കുശാൽനഗർ ചേരക്കാടത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ 26, ബേളൂർ കായലടുക്കത്തെ റംഷീദ് 31, ഇട്ടമ്മലിലെ  അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് നബീൽ 30 എന്നിവരെയാണ് ലഹരിപ്പാർട്ടിക്കിടെ ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്.

ജൂലായ് 19 ന് സന്ധ്യയ്ക്ക് 6.45 ന് മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ഏ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ ഇടുവുങ്കാൽ ചെമ്പിരിക്ക റോഡിൽ ചാത്തങ്കൈ  റെയിൽവെ മേൽപ്പാലത്തിന് സമീപം നടത്തിയ പരിശോധനയിൽ എംഡിഎംഏ രാസലഹരിമരുന്ന് ഉപയോഗിക്കുന്ന നാല് യുവാക്കളെയും പിടികൂടിയിരുന്നു.

മധൂർ മീപ്പുഗിരി പാദാർ ക്വാർട്ടേഴ്സിലെ ബഷീറിന്റെ മകൻ മുഹമ്മദ് അർഷാദ് 33, ആദൂർ പള്ളങ്കോട്ടെ അബ്ദുൾ അസീസിന്റെ മകൻ മുഹമ്മദ് ഇസ്മായിൽ 24, കളനാട് കട്ടക്കാലിലെ മൊയ്തീൻ കുഞ്ഞിയുടെ മകൻ എം.ഏ. മുഹമ്മദ് ഷഹാസ് 30, ചെട്ടുംകുഴി ഹിദായത്ത് നഗറിലെ തെരുവത്ത് നഗറിൽ ടി.ഏ. ഹുസൈന്റെ മകൻ മുജീബ് റഹ്മാൻ 36 എന്നിവരെയാണ് മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ എംഡിഎംഏ ഉപയോഗത്തിനിടെ പിടികൂടിയത്.

ജൂലായ് 21 ന് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപത്തെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം കഞ്ചാവ് നിറച്ച ബീഡിയുമായി പിടികൂടിയവരിൽ പതിനെട്ടുകാരനുമുണ്ടായിരുന്നു. നീലേശ്വരം തൈക്കടപ്പുറം അഴീത്തല സഫൂറ മൻസിലിൽ റഫീഖിന്റെ മകൻ മുഹമ്മദ് റാസിഖ് 18, പടന്നക്കാട് കരുവളം ഫാത്തിമ മൻസിലിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ സി.എച്ച്. അജ്്ലാബ് 22 എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടികൂടിയത്.

കൊച്ചി പോലുള്ള നഗരങ്ങൾ കേന്ദ്രീകരിച്ച് കേരളത്തിൽ ലഹരിപ്പാർട്ടികൾ പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നുണ്ട്. ഒളിച്ചും പതുങ്ങിയും മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന കാസർകോട്ടെ യുവാക്കളും പതിയെ ആൾക്കൂട്ടങ്ങൾ ലഹരിയിൽ മദിക്കുന്ന ലഹരിപ്പാർട്ടികളിലേക്ക് കളം മാറ്റിത്തുടങ്ങിയിട്ടുണ്ടെന്നാണ്  സൂചന.

LatestDaily

Read Previous

ഭീഷണിപ്പെടുത്തി പണം തട്ടൽ; സംഘം ലക്ഷ്യമിട്ടത് 50 ലക്ഷം

Read Next

കുടുംബം കൈയ്യൊഴിഞ്ഞ വയോധികന് മാണിക്കോത്ത് ജമാ അത്തിന്റെ സാന്ത്വനം