ഭീഷണിപ്പെടുത്തി പണം തട്ടൽ; സംഘം ലക്ഷ്യമിട്ടത് 50 ലക്ഷം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാറഡുക്ക കാർഷിക സഹകരണ സംഘത്തിൽ നടന്ന പണയത്തട്ടിപ്പ് കേസിലെ പ്രതിയുമായി ബന്ധമുള്ള ബേക്കൽ സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം ലക്ഷ്യമിട്ടത് 50 ലക്ഷം തട്ടിയെടുക്കാൻ. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ ബേക്കലിലെ അബൂബക്കറിൽ നിന്നും ഇദ്ദേഹത്തിന്റെ പിതൃസഹോദരീ പുത്രൻ കൂടിയായ റാഷിദും ബേക്കൽ ഹദ്ദാദ് നഗറിലെ ടൈഗർ സമീർ എന്ന സമീറും പള്ളിക്കരയിലെ ഇസ്മായിലും ചേർന്നാണ് ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചത്.

കാറഡുക്ക പണയത്തട്ടിപ്പ് കേസിൽ ഒന്നാംപ്രതിയായ രതീഷിന്റെ വയനാട്ടിലുള്ള വസ്തു കച്ചവടം ചെയ്യാൻ ഇവരോടൊപ്പം വയനാട്ടിലേക്ക്  അബൂബക്കർ പോയിരുന്നു. പ്രസ്തുത സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഒളിവിൽ പോയ പണയത്തട്ടിപ്പ് കേസ് പ്രതികളെ പിടികൂടി കൊണ്ടുവരാൻ ആദൂർ പോലീസ് അബൂബക്കറിന്റെ വാഹനം ഉപയോഗിച്ചിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്തതോടെ വാഹനം തിരികെ വാങ്ങാൻ അബൂബക്കർ ആദൂർ പോലീസ് സ്റ്റേഷനിലെത്തിയിരുന്നെങ്കിലും , കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ വാഹനവും ക്രൈംബ്രാഞ്ച് കാസർകോട്ടെത്തിച്ചു.  ക്രൈംബ്രാഞ്ചിന്റെ കയ്യിലുള്ള വാഹനം വിട്ടു കിട്ടാൻ ഡിവൈഎസ്പി മാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേനയാണ് റാഷിദ്, സമീർ, ഇസ്മായിൽ എന്നിവ രടങ്ങുന്ന സംഘം അബൂബക്കറിൽ നിന്നും പണം വാങ്ങിയത്.

മെയ് 22ന് അബൂബക്കറിന് വാഹനം തിരികെ കിട്ടിയതോടെയാണ് പലതവണയായി തട്ടിപ്പ് സംഘം അബൂബക്കറിൽ നിന്നും പണം വാങ്ങിയത്.  ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ഷിബു പാപ്പച്ചന് നൽകാനെന്ന വ്യാജേനയാണ് മൂന്നംഗസംഘം ഒരു ലക്ഷം രൂപ വാങ്ങിയത്. പണയത്തട്ടിപ്പ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നംഗസംഘം അബൂബക്കറിന്റെ വീട്ടിൽ നിത്യവും എത്താൻ തുടങ്ങിയതോടെയാണ് ഇദ്ദേഹം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്നു ഷിബു പാപ്പച്ചനെ നേരിൽക്കണ്ട് വിവരം ധരിപ്പിച്ചത്.

വിവരമറിഞ്ഞയുടൻ ഡിവൈഎസ്പി ടൈഗർ സമീറിനെയും സംഘത്തെയും വിളിച്ച് അബൂബക്കറിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാൻ കർശന നിർദ്ദേശവും നൽകി. പണം വാങ്ങിയിട്ടില്ലെന്ന് സമീറും,  കൊടുത്തുവെന്ന് അബൂബക്കറും പറഞ്ഞതോടെ തളങ്കര മാലിക് ദീനാർ പള്ളിയിൽ സത്യം ചെയ്താൽ ഒന്നര ലക്ഷം തിരികെ നൽകാമെന്നായി സമീറും സംഘവും. ഇപ്രകാരം അബൂബക്കർ തളങ്കര പള്ളിയിലെത്തി സത്യം ചെയ്തുവെങ്കിലും പണം മാത്രം തിരികെ ലഭിച്ചില്ല.

അസുഖബാധിതനായി കോട്ടച്ചേരിയിലെ സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അബൂബക്കറിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ നേരിൽ വന്നു കണ്ടിരുന്നു. രണ്ടാമത്തെ തവണയും ആശുപത്രിയിൽ അബൂബക്കറിനെ സന്ദർശിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനോടൊപ്പം ടൈഗർ സമീറുമുണ്ടായിരുന്നു. ആശുപത്രിയിലെത്തിയും സമീറും സംഘവും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു വെന്ന് അബൂബക്കർ ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.

റാഷിദും ഇസ്മായിലും അറിയാതെ ഒറ്റയ്ക്ക് അബൂബക്കറിനെ കാണാനെത്തിയ സമീർ ഇദ്ദേഹത്തോട് ഒരു ലക്ഷം  രൂപ കൂടി ആവശ്യപ്പെട്ടിരുന്നു അമ്പലത്തറ കള്ളനോട്ട് കേസിൽ സംശയനിഴലിലുള്ള  ടൈഗർ സമീറിനൊപ്പം  ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ അബൂബക്കറിനെ സന്ദർശിച്ചതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല.

LatestDaily

Read Previous

കുമ്പളയിലും അമ്പലത്തറയിലും പെൺകുട്ടികൾ പീഡനത്തിനിരയായി

Read Next

ജില്ലയിൽ ലഹരിപ്പാർട്ടികൾ വർദ്ധിക്കുന്നു മൂന്നിടങ്ങളിലായി പിടിയിലായത് 13 പേർ