കുടുംബം കൈയ്യൊഴിഞ്ഞ വയോധികന് മാണിക്കോത്ത് ജമാ അത്തിന്റെ സാന്ത്വനം

സ്വന്തം ലേഖകൻ

അജാനൂർ: മാണിക്കോത്തെ പള്ളിയിൽ അവശ നിലയിൽ കണ്ട വയോധികനെ ജമാ അത്ത് കമ്മിറ്റി അംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ജില്ലയിലെ കടുക്കി മൊട്ട മട്ടന്നൂർ റോഡിലെ അബ്ദുൽ അസീസ് എന്ന വയോധികനെയാണ് കാഴ്ചയും കേൾവിയും കുറഞ്ഞ് വാർദ്ധക്യസഹജമായ രോഗങ്ങൾ ബാധിച്ച് അവശനിലയിൽ മാണിക്കോത്തെ പള്ളിവരാന്തയിൽ കണ്ടത്.

സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന 70 വയസ്സുള്ള വയോധികന്റെ ബാഗിൽ നിന്നുമാണ് മട്ടന്നൂരിലെ ഒരു വിലാസം ജമാ അത്ത് കമ്മിറ്റി അംഗങ്ങൾക്ക് ലഭിക്കുന്നത്. ഈ വിലാസത്തിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് വയോധികന്റെ രോഗാവസ്ഥ ധരിപ്പിച്ച ശേഷം ഉടനെ വന്ന് കൂടെക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, തങ്ങൾക്കതിന് താൽപ്പര്യമില്ലെന്നും നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാനുമാണ് ഫോൺ കോൾ സ്വീകരിച്ച സ്ത്രീ ജമാ അത്ത് കമ്മിറ്റിയംഗങ്ങൾക്ക് നൽകിയ മറുപടി.

രണ്ട് ദിവസം മുമ്പ് പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയവരോട് കുടുംബത്തിന് വേണ്ടി 25 വർഷം വിദേശത്തായിരുന്നുവെന്നും, കഠിനാദ്ധ്വാനം ചെയ്ത് ഭക്ഷണവും പാർപ്പിട സൗകര്യങ്ങളും ഒരുക്കി ഭാര്യയ്ക്കും മക്കൾക്കും സുരക്ഷിതമായ ജീവിത സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതായും   ഇദ്ദേഹം പറയുകയുണ്ടായി.

ഇതിനിടയിൽ ഭക്ഷണത്തിന് വേണ്ടി ചിലർ പണം വെച്ച് നീട്ടിയപ്പോൾ, നിരാകരിക്കുകയായിരുന്നു. മുനീർ, ജസീല, ഖദീജ, ഷാമില എന്നിവർ മക്കളാണെന്നും പറയുന്നു. വീട്ടുകാരോട് വയോധികന്റെ ശാരീരിക അവശതകളെക്കുറിച്ച് ജമാ അത്ത് കമ്മിറ്റി അംഗങ്ങൾ വീണ്ടും വിളിച്ചറിയിച്ചുവെങ്കിലും, കൂടുതൽ ആശയ വിനിമയം നടത്താൻ അവർ തയ്യാറായില്ല.

ഇതിനിടെ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുന്നുണ്ടെന്ന് മനസ്സിലാക്കിയ ജമാ അത്ത് കമ്മിറ്റിയംഗങ്ങൾ ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ വീട്ടുകാരാൽ അവഗണിക്കപ്പെട്ട വയോധികന് സമയം പാഴാക്കാതെ സാന്ത്വനവും ചികിത്സാ സൗകര്യങ്ങളും നൽകാൻ മാണിക്കോത്ത് മുസ്ലിം ജമാ അത്ത് മുന്നോട്ട് വന്നത് ഏവരാലും പ്രശംസിക്കപ്പെട്ടു.

LatestDaily

Read Previous

ജില്ലയിൽ ലഹരിപ്പാർട്ടികൾ വർദ്ധിക്കുന്നു മൂന്നിടങ്ങളിലായി പിടിയിലായത് 13 പേർ

Read Next

വാഹന ചാർജ്ജിംഗ് പോയന്റ് കാട് മൂടിയ നിലയിൽ