മേൽപ്പാലത്തിനായി വാങ്ങിയ സ്ഥലം കാട് മൂടി കിടക്കുന്നു

പാലക്കുന്ന് : പാലക്കുന്ന് മേൽപ്പാല നിർമാണത്തിനായി കേരള  റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ  (ആർബിഡിസികെ)   റെയിൽപ്പാളത്തിന്  കിഴക്ക് ഭാഗത്ത്  വാങ്ങിയ ഭൂമി കാട് മൂടികിടക്കുകയാണ്. ആ ഇടത്തിലെ  കൂറ്റൻ പ്ലാവ് മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് തൊട്ടപ്പുത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കും കെട്ടിടത്തിലേക്കും വൈദ്യുതി എത്തിക്കാൻ സ്ഥാപിച്ച  കോൺക്രീറ്റ് തൂൺ ഇന്നലെ(ശനിയാഴ്ച) പുലർച്ചെ  ഒടിഞ്ഞു വീണു. ഒടിഞ്ഞ തൂണിന്റെ  മുകൾ  ഭാഗം കെട്ടിടത്തിന് മുകളിലേക്കാണ്  വീണത്. നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

പാലക്കുന്ന് ആറാട്ടുകടവിലേക്കുള്ള റോഡിൽ  പാലക്കുന്ന് വളവിൽ  ശനിയാഴ്ച രാവിലെയാണ് കാറ്റും മഴയെത്തുടർന്ന് കൂറ്റൻ പ്ലാവിലെ വലിയ ശിഖരം ഒടിഞ്ഞു വീണത്. റോഡിന്റെ  കിഴക്ക് ഭാഗത്തെ ട്രാൻസ്ഫോർമറിൽ നിന്ന് പടിഞ്ഞാർ ഭാഗത്തെ വിജയരാഘവന്റെ  വീട്ടിലേക്കും കെട്ടിടത്തിലേക്കുമുള്ള വൈദ്യുതി ലൈനിലേക്കാണ് മരശിഖരം പൊട്ടിവീണത്. വീഴ്ചയുടെ ശക്തിയിൽ ഈ തൂണ് വീണില്ലായിരുന്നുവെങ്കിൽ ട്രാൻസ്ഫോമർ ഒടിഞ്ഞു വീണ് വൻ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന്  സമീപവാസികൾ പറഞ്ഞു.

മേൽപ്പാലത്തിനായി വാങ്ങിവെച്ച പറമ്പിലെ വൻമരങ്ങൾ വെട്ടിമാറ്റണമെന്നും കാട് മൂടികിടക്കുന്ന ഭൂമിയിൽ ഇഴ ജന്തുക്കൾ സമീപവാസികൾക്ക്‌  ഭീഷണിയാകുന്നുമെന്നാണ് പരാതി. ഈ  ഇടം വൃത്തിയാക്കണമെന്നാണ്  അവർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷവും ഇതേ സീസണിൽ മൂന്ന് വൻമരങ്ങൾ  തൊട്ടടുത്ത വീടിനടുത്തു കടപുഴകി വീണിരുന്നു. അന്നും തലനാരിഴക്കാണ് ആ വീട്ടിലെ ഗൃഹനാഥൻ രക്ഷപ്പെട്ടത്. മേൽപ്പാല നിർമ്മാണം വൈകുന്ന ദുരിതത്തിന് പുറമെ ഇതുപോലുള്ള അപകടങ്ങളും ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് ഇവിടത്തെ ജനങ്ങൾ.

LatestDaily

Read Previous

ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 28 ലക്ഷം രൂപ നഷ്ടമായി

Read Next

യുവാവിനെ തട്ടിക്കൊണ്ടു പോയി പണം തട്ടി